ഗാന്ധിനഗർ: അതിർത്തി മേഖലയായ ഗുജറാത്തിലെ സർ ക്രീക്ക് കേന്ദ്രീകരിച്ച് സൈനിക വിന്യാസം നടത്തുന്ന പാകിസ്ഥാന് കടുത്ത മുന്നറിയിപ്പ് നൽകി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏതൊരു തെറ്റായ നീക്കത്തിനും കനത്ത വിലനൽകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. സർ ക്രീക്ക് മേഖലയിലെ ലക്കി നാല സൈനിക കേന്ദ്രത്തിൽ വിജയദശമി ദിനത്തിൽ ജവാന്മാരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'1965ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം ലാഹോർ വരെ എത്തിയത് ഓർമിപ്പിക്കുന്നു. കറാച്ചിയിലേക്കുള്ള റോഡ് സർ ക്രീക്കിലൂടെയാണ് കടന്നുപോകുന്നതെന്ന് ഈ 2025ൽ പാകിസ്ഥാൻ ഓർക്കണം. സ്വാതന്ത്ര്യത്തിന് 78 വർഷത്തിനപ്പുറവും പാകിസ്ഥാൻ സർ ക്രീക്കുമായി ബന്ധപ്പെട്ട തർക്കം ഉയർത്തുകയാണ്. പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കാൻ ഇന്ത്യ പലതവണ ശ്രമിച്ചു.
എന്നാൽ, പാകിസ്ഥാന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ല. ഇപ്പോൾ സർ ക്രീക്കിന് സമീപം പാക് സൈന്യം നടത്തുന്ന പ്രവൃത്തികളിലൂടെ അവരുടെ ഉദ്ദേശ്യം വെളിപ്പെടുകയാണ്.ഇന്ത്യൻ സൈന്യവും ബിഎസ്‌എഫും ചേർന്ന് അതിർത്തി മേഖലകൾ ജാഗ്രതയോടെ സംരക്ഷിക്കുകയാണ്. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഏതൊരു തെറ്റായ നീക്കത്തിനും ചരിത്രവും ഭൂമിശാസ്‌ത്രവും മാറ്റുന്ന തരത്തിലുള്ള മറുപടി നൽകും' - രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഗുജറാത്തിൽ ഇന്ത്യ - പാക് അതിർത്തിയിൽ 96 കിലോമീറ്ററോളമുള്ള ചതുപ്പ് മേഖലയാണ് സർ ക്രീക്ക്. ഇതിന്റെ മദ്ധ്യത്തിലൂടെയാണ് അതിർത്തിയെന്ന് ഇന്ത്യ വ്യക്തമാക്കുമ്പോൾ, സർ ക്രീക്കിന് കിഴക്ക് ഭാഗത്തായി ഇന്ത്യൻ പ്രദേശത്താണ് അതിർത്തിയെന്നാണ് പാകിസ്ഥാന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |