ന്യൂഡൽഹി: ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപിയുടെ രേഖ ഗുപ്‌ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനത്ത് നടന്ന വിപുലമായ ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിയായി പർവേഷ് സാഹിബ് സിംഗും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സുഷമാ സ്വരാജ്, ഷീലാ ദീക്ഷിത്, അതിഷി എന്നിവർക്ക് ശേഷം രാജ്യതലസ്ഥാനം ഭരിക്കുന്ന നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്‌ത. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഏക വനിതാ മുഖ്യമന്ത്രിയും. ബനിയ സമുദായാംഗമാണ് 50കാരിയായ രേഖ. സംഘടനാ പാടവം, ആർഎസ്എസ് പിന്തുണ എന്നിവയും മുഖ്യമന്ത്രി പദത്തിലെത്തുന്നതിൽ നിർണായകമാവുകയായിരുന്നു.
1998ൽ ബിജെപി ഒടുവിലായി ഡൽഹി ഭരിച്ചപ്പോഴും വനിതാ മുഖ്യമന്ത്രിയായിരുന്നു. 52 ദിവസമാണ് അന്ന് സുഷമാ സ്വരാജ് ഭരിച്ചത്. 27 വർഷത്തിന് ശേഷം അധികാരത്തിലേക്ക് തിരിച്ചെത്തുമ്പോഴും വനിതാ മുഖ്യമന്ത്രിയെന്നത് പാർട്ടിക്ക് മധുര പ്രതികാരം. 27 വർഷത്തിന് ശേഷം ഡൽഹി പിടിക്കാൻ വനിതാ വോട്ടർമാരുടെ നിർണായക പിന്തുണ ലഭിച്ചത് ബിജെപി പരിഗണിക്കുകയായിരുന്നു.
രേഖ ഗുപ്‌ത, പർവേഷ് സാഹിബ് എന്നിവർക്ക് പുറമെ കപിൽ ശർമ, മഞ്ജീന്ദർ സിർസ, ആശിഷ് സൂദ്, പങ്കജ് കുമാർ സിംഗ്, രവീന്ദർ ഇന്ദ്രജ് സിംഗ് എന്നിവരും ഡൽഹി മന്ത്രിസഭയിലേയ്ക്ക് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മുൻ പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്‌തയെ ഡൽഹി നിയമസഭയുടെ പുതിയ സ്പീക്കറായും ബിജെപി നോമിനേറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |