
ഭോപ്പാൽ: സ്‌കൂൾവാൻ എത്താത്തതിനെ തുടർന്ന് ക്ലാസ് മുടങ്ങിയതിനാൽ മൂന്ന് മണിക്കൂർ റോഡ് ഉപരോധിച്ച് പത്ത് വയസുകാരി. മദ്ധ്യപ്രദേശിലെ ബേതുൽ ജില്ലയിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ സുരഭി യാദവാണ് പ്രതിഷേധം നടത്തിയത്. സ്‌കൂൾ വാൻ എത്താതായതോടെ കുട്ടി ബാഗുമായി റോഡിൽ ഇരിക്കാൻ തുടങ്ങി. ഇതോടെ ഗതാഗതം തടസപ്പെട്ടു.
പൊലീസും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിദ്യാർത്ഥിനിയുമായി സംസാരിച്ചു. സ്‌കൂൾ മാനേജ്‌മെന്റുമായി സംസാരിക്കാമെന്ന് ഉറപ്പ് നൽകിയതിന് ശേഷമാണ് സുരഭി പ്രതിഷേധം അവസാനിപ്പിച്ച് റോഡിൽ നിന്ന് മാറാൻ തയ്യാറായത്. വിദ്യാർത്ഥിനി ഒച്ചവയ്‌ക്കുകയോ കരയുകയോ ചെയ്‌തില്ലെന്നും സ്‌കൂളിൽ പോകണമെന്ന് മാത്രമാണ് പറഞ്ഞതെന്നും പ്രദേശവാസി പറയുന്നു.
'മകൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് പ്രവേശനം ലഭിച്ചത്. ഒരു വർഷം മുഴുവൻ സ്‌കൂൾ അധികൃതർ അവളെ ക്ലാസിൽ കയറാൻ അനുവദിച്ചില്ല. പിന്നീട് നവംബറിലാകട്ടെ 28 ദിവസം മാത്രം പഠിക്കാൻ അനുവദിച്ചു. എന്നാൽ, പിന്നീട് വീണ്ടും തടഞ്ഞു. ഇന്ന് സ്‌കൂൾ അധികൃതർ വാഹന സൗകര്യം നിഷേധിച്ചു. മകൾ വലിയ മാനസിക സമ്മർദത്തിലാണ്'- കുട്ടിയുടെ അമ്മ ആശാ യാദവ് പറയുന്നു.
എന്നാൽ, വാൻ സേവനം നൽകുന്നത് ഫീസ് അടച്ചവർക്ക് മാത്രമാണെന്നും ആവർത്തിച്ച് അറിയിപ്പുകൾ നൽകിയിട്ടും രണ്ടുവർഷമായി കുട്ടിയുടെ വീട്ടുകാർ പണം അടയ്‌ക്കുന്നില്ലെന്നും അധികൃതർ പറഞ്ഞു. വീട്ടുകാർ തന്നെയാണ് സുരഭിയെ സ്‌കൂളിൽ വിടാത്തതെന്നും അവർ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |