
പാരിസ്:ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ തകർക്കാൻ റഷ്യ പദ്ധതിയിടുന്നതായി റിപ്പോർട്ട് രണ്ട് നാറ്റോ രാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗമാണ് ഇതിനുള്ള ആയുധം റഷ്യ വികസിപ്പിച്ചെടുത്തുവെന്ന സംശയം ഉന്നയിച്ചത്.ബഹിരാകാശ മേഖലയിൽ പാശ്ചാത്യ രാജ്യങ്ങൾക്കുള്ള ആധിപത്യം യുക്രെയ്ന് യുദ്ധത്തിൽ സഹായമാകുന്നതാണ് റഷ്യയെ ചൊടിപ്പിക്കുന്നത്.റഷ്യയുടെ നീക്കം ബഹിരാകാശ മേഖലയ്ക്ക് മൊത്തം ഭീഷണിയാണെന്ന് വിദഗ്ധർ വ്യക്തമാക്കി. ആരോപണത്തോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
റഷ്യ വികസിപ്പിക്കുന്ന ആയുധം സോൺ ഇഫക്ട് എന്നാണറിയപ്പെടുന്നത്. ആയിരക്കണക്കിന് പെല്ലറ്റുകൾ ഒരേസമയം അയച്ച് ഉപഗ്രഹങ്ങളെ തകർക്കുന്നതാണ് പദ്ധതി. മില്ലീമീറ്റർ വലിപ്പം മാത്രമുള്ളതിനാൽ ഇവയെ കണ്ടെത്തി നശിപ്പിക്കാൻ എളുപ്പമല്ല. ഭൂമിയിൽ നിന്ന് 550 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ സഞ്ചരിക്കുന്നത്.
അതേസമയം ഈ ആക്രമണം സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ മാത്രമല്ല, മറ്റ് ഭ്രമണപഥ സംവിധാനങ്ങളെയും ബാധിക്കുകയും ബഹിരാകാശത്ത് ഒരു ദുരന്തത്തിന് കാരണമാവുമെന്നും വിദഗ്ധർ പറയുന്നു. റഷ്യ അത്തരമൊരു ആയുധം വിന്യസിച്ചാൽ, ചൈനയുടേതിന് പുറമേ, സ്വന്തം ഉപഗ്രഹങ്ങളുടെ കൂട്ടത്തിനും കേടുപാടുകൾ സംഭവിക്കുമെന്ന് കൂട്ടിച്ചേർത്തു. പ്രത്യേകിച്ച്, ഇരു രാജ്യങ്ങൾക്കും ആശയവിനിമയത്തിനും പ്രതിരോധത്തിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ആയിരക്കണക്കിന് ഭ്രമണപഥ ഉപഗ്രഹങ്ങളുടെ കൂട്ടമുണ്ട്.
യുക്രെയ്ൻ സൈന്യം എതിരാളിയുടെ താവളങ്ങൾ കണ്ടെത്തുന്നതിനും ആശയവിനിമയം നിരീക്ഷിക്കുന്നതിനും സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നുവെന്നാണ് റഷ്യ ആരോപിക്കുന്നത്. യുക്രെയ്നെ സഹായിക്കുന്ന ഉപഗ്രഹങ്ങൾ നശിപ്പിക്കുമെന്ന് പലവട്ടം റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |