SignIn
Kerala Kaumudi Online
Tuesday, 03 March 2026 10.19 PM IST

ഹാജി മസ്താൻ മുതൽ ദാവൂദ് ഇബ്രാഹിം വരെയുള്ള അധോലോക നായകന്മാരുടെ മടയിൽ ഭയത്തിന്റെ കണിക പോലുമില്ലാതെ എത്തിയ ഒരേയൊരു വനിത

Increase Font Size Decrease Font Size Print Page
sheela-bhatt

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ഇന്ത്യയിലും ദുബായിലും വച്ച് നിരവധി തവണ അഭിമുഖം നടത്തിയിട്ടുണ്ടെന്ന് മാദ്ധ്യമപ്രവർത്തക ഷീല ഭട്ട്. ദാവൂദിനെ ആദ്യമായി കാണുമ്പോൾ അയാൾ ഒരു ചെറിയ കുറ്റവാളി മാത്രമായിരുന്നുവെന്നും അവർ പറഞ്ഞു. ദാവൂദ് ഇബ്രാഹിമുമായി വർഷങ്ങൾക്ക് മുമ്പെടുത്ത ചിത്രം ഷീല ഭട്ട് കഴിഞ്ഞ മാസം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത് ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.

1993ലെ മുംബയ് സ്ഫോടന പരമ്പര ഉൾപ്പെടെ ഇന്ത്യയിൽ നടന്ന ഒന്നിലധികം ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഭീകരനാണ് ദാവൂദ് ഇബ്രാഹിം. 1988ൽ ദുബായിൽ വച്ചാണ് ദാവൂദുമായിട്ടുള്ള ചിത്രം എടുത്തതെന്ന് 40 വർഷത്തോളം പ്രവർത്തിപരിചയമുള്ള മാദ്ധ്യമപ്രവർത്തകയായ ഷീല പറയുന്നു.

'1970ൽ മുംബയിലെ ഒരു മാഫിയ തലവനായ കരിം ലാലയുടെ ഒപ്പമുള്ളവർ സർക്കാർ റിമാൻഡ് ഹോമിലെ പെൺകുട്ടികളെ ഉപദ്രവിക്കുന്നു എന്ന വാർത്ത എഴുതണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ദാവൂദ് ആദ്യമായി വിളിക്കുന്നത്. 1981-82 കാലഘട്ടത്തിൽ അയാൾ വെറുമൊരു സാധാരണ കുറ്റവാളിയായിരുന്നു. ആ ഫോൺ കോളിന് ശേഷമാണ് ആദ്യത്തെ അഭിമുഖം നടന്നത്. അന്ന് ഞാൻ ഭർത്താവിനൊപ്പമാണ് അയാളെ കാണാൻ പോയത്. മുംബയ് ജയിൽ റോഡിന് സമീപമുള്ള ടാങ്കർ സ്ട്രീറ്റിൽ എത്താനാണ് അന്ന് പറഞ്ഞിരുന്നത്. അവിടെ നിന്ന് അവരുടെ കാർ എത്തി ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. അന്ന് ഞാനും ഭർത്താവും ദാവൂദും പിന്നെ അയാളുടെ സഹായിയായ ഛോട്ടാ ഷക്കീലുമാണ് അവിടെയുണ്ടായിരുന്നത്. അന്ന് കരീം ലാല ഒരു മോശം വ്യക്തിയാണ് എന്നതല്ലാതെ ഒന്നും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നില്ല.'

'പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം ബറോഡ ജയിലിൽ വച്ചാണ് ഞാൻ ദാവൂദിനെ കാണുന്നത്. അവിടെ ഫുട്‌ബോൾ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അയാൾ. കരീം ലാലയുടെ ബിസിനസ് നടത്തിയിരുന്ന അലംസേബിനെ വെറുതെ വിടില്ലെന്ന് മാത്രമാണ് ദാവൂദ് പറഞ്ഞത്. അതിനെ കുറിച്ച് ഞാൻ ഉടൻ തന്നെ എഴുതി പ്രസിദ്ധീകരിച്ചു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ അലംസേബ് കൊല്ലപ്പെട്ടു. പിന്നീട് മൂന്ന് വർഷത്തേയ്ക്ക് ദാവൂദിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.'

'1987ൽ ദാവൂദ് വീണ്ടും വിളിച്ചു. നിരവധി തവണ ചോദിച്ച ശേഷം മയക്കുമരുന്ന് ബിസിനസിനെക്കുറിച്ച് ഒരു അഭിമുഖം നടത്താൻ അപ്പോയിൻമെന്റ് ലഭിച്ചു. അങ്ങനെ 1988ൽ ദുബായിലേയ്ക്ക് പോയി. ദാവൂദിനെ കാണാൻ കഴിയുമോ എന്നതിനെക്കാൾ ടിക്കറ്റിനായി ചെലവഴിച്ച 3500 രൂപയെപറ്റിയായിരുന്നു എന്റെ ആശങ്ക. ജർണയിൽ സിംഗ് ഭിന്ദ്രൻവാലെ, ഛോട്ടാ രാജൻ, വരദരാജൻ മുതലിയാർ, യൂസഫ് പട്ടേൽ, ഹാജി എന്നിവരെ അഭിമുഖം നടത്തിയിട്ടുള്ളതിനാൽ എനിക്ക് ഭയം ഉണ്ടായിരുന്നില്ല. പിന്നീട് ദാവൂദിനെ കണ്ടെങ്കിലും ഇന്ന് ഇന്റർവ്യൂ വേണ്ട നമുക്ക് ഭക്ഷണം കഴിക്കാം എന്നാണ് അയാൾ പറഞ്ഞത്. അടുത്ത ദിവസവും ദാവൂദ് അഭിമുഖം നിഷേധിച്ചെങ്കിലും ഒരുപാട് സമയം സംസാരിച്ചു. ഒരു മോഡൽ ആണെന്നാണ് അവിടെ എല്ലാവരോടും ഞാൻ പറഞ്ഞിരുന്നത്. മൂന്നാം ദിവസം അഭിമുഖം നടത്തിയെങ്കിലും അത് റെക്കോർഡ് ചെയ്യാൻ അനുവദിച്ചില്ല. അന്ന് ഞാൻ എഴുതിയ ഡയറി ദാവൂദ് വാങ്ങി. അതിൽ അയാൾ ചെയ്ത മൂന്ന് കൊലപാതകങ്ങളെ കുറിച്ച് എഴുതിയിട്ടുണ്ടായിരുന്നു. ''ഞാൻ അവരെ കൊന്നില്ലായിരുന്നെങ്കിൽ അവർ എന്നെ കൊല്ലുമായിരുന്നു. അതുകൊണ്ട് മാത്രമാണ് അങ്ങനെ ചെയ്തത്.'' എന്നാണ് അത് കണ്ട് ദാവൂദ് പറഞ്ഞത്. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. ഞാൻ ഒരിക്കലും അയാളുടെ വാക്കുകൾ വളച്ചൊടിച്ച് വാർത്ത കൊടുക്കില്ലെന്ന് ദാവൂദിന് നല്ല വിശ്വാസമുണ്ടായിരുന്നു.'- ഷീല ഭട്ട് അഭിമുഖത്തിൽ പറഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS, INTERVIEW, SHEELA BHATT, DAWOOD IBRAHIM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.