
ന്യൂഡൽഹി: ഗുരുഗ്രാമിലെ ഹൗസിംഗ് സൊസൈറ്റിയിൽ 11-ാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് നേരെ സഹപാഠികൾ വെടിയുതിർത്തു. ഗുരുഗ്രാം സെക്ടർ 48ലെ സെൻട്രൽ പാർക്ക് റിസോട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. പരിക്കേറ്റ 17കാരൻ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികളായ രണ്ട് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാമിലെ യദുവംശി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മൂവരും. മുഖ്യപ്രതിയുടെ പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ സഹപാഠിയെ വെടിയുതിർത്തത്. വിദ്യാർത്ഥികൾ തമ്മിൽ നേരത്തെയുണ്ടായിരുന്ന തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതിയുടെ പിതാവ് വാടകയ്ക്ക് എടുത്തിരുന്ന അപ്പാർട്മെന്റിലേക്ക് സഹപാഠിയായ 17കാരനെ വിളിച്ചുവരുത്തുകയായിരുന്നു. ആദ്യം ക്ഷണം നിരസിച്ച വിദ്യാർത്ഥിയെ നിരന്തരം വിളിച്ച് കാണണമെന്ന് സഹപാഠികൾ ആവശ്യപ്പെട്ടു. മുഖ്യപ്രതിയായ കുട്ടി തന്നെയാണ് 17-കാരനെ വീട്ടില്‍നിന്ന് അപ്പാര്‍ട്ട്‌മെന്റിലേക്ക് കൂട്ടിക്കൊണ്ടുപോയത്. റൂമിലെത്തിയ ഉടൻ മുഖ്യപ്രതിയായ വിദ്യാര്‍ത്ഥി 17-കാരനെ വെടിവയ്ക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ വെടിയേറ്റനിലയില്‍ 17-കാരനെ കണ്ടെത്തുകയും ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയില്‍ ഒരു തോക്കും 65-ഓളം തിരകളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഫൊറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ലൈസൻസുള്ള ആയുധങ്ങൾ സുരക്ഷിതമായും കുട്ടികൾക്ക് ലഭ്യമാകാത്ത വിധത്തിലും സൂക്ഷിക്കണമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |