SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.17 PM IST

ധനുഷിന്റെ സഹതാരമായി വെളളിത്തിരയിലെത്തി, തമിഴിലെ പ്രമുഖ നടൻ അഭിനയ് കിങ്ങർ അന്തരിച്ചു

Increase Font Size Decrease Font Size Print Page
abhinay-kingar

തമിഴിലെ പ്രമുഖ നടൻ അഭിനയ് കിങ്ങർ (44)​ അന്തരിച്ചു. കര‍ൾ രോഗബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ നാലുമണിയോടെ ചെന്നൈയിലായിരുന്നു അന്ത്യം. ദേശീയ പുരസ്കാര ജേതാവും അന്തരിച്ച നടിയുമായ രാധാമണിയുടെ മകനാണ് അഭിനയ് കിങ്ങർ. 2002ൽ തീയേറ്ററുകളിലെത്തിയ 'തുളളുവതോ ഇളമൈ' എന്ന സിനിമയിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

അസുഖത്തെ തുടർന്ന് അവസാന കാലത്ത് നടന്റെ സാമ്പത്തികാവസ്ഥ മോശമായിരുന്നു. ആദ്യ ചിത്രത്തിലെ സഹതാരമായ ധനുഷ് ഉൾപ്പെടെയുളളവർ നടന് സഹായവുമായി എത്തിയിരുന്നു. 2014ൽ റിലീസ് ചെയ്ത ‘വല്ലവനക്കും പുല്ലും ആയുധം’ എന്ന സിനിമയിലാണ് അഭിനയ് കിങ്ങർ അവസാനമായി അഭിനയിച്ചത്. സൊല്ല സൊല്ല ഇനിക്കും, പാലൈവാന സോലൈ, ജംക്​ഷൻ, സിങ്കാര ചെന്നൈ, പൊൻ മേഘലൈ, തുപ്പാക്കി, അൻജാൻ തുടങ്ങിയ സിനിമകളിൽ പ്രധാന വേഷങ്ങളിലെത്തി. 2002ൽ ഫഹദ് ഫാസിൽ നായകനായെത്തിയ മലയാള ചിത്രം കൈ എത്തും ദൂരത്തിലും കിഷോർ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നു.

അഭിനയത്തിനുപുറമെ ഡബ്ബിംഗ് രംഗത്ത് കഴിവു തെളിയിച്ചിട്ടുണ്ട്. വിജയ് നായകനായ തുപ്പാക്കിയിൽ നടൻ വിദ്യുത് ജമാലിനും കാർത്തി നായകനായ പയ്യയിൽ മിലിന്ദ് സോമനും കാക്ക മുട്ടൈ എന്ന സിനിമയിൽ നടൻ ബാബു ആന്റണിക്കും ശബ്ദം നല്‍കിയിട്ടുണ്ട്. കുടുംബാംഗങ്ങൾ ആരുമില്ലാത്തതിനാൽ നടന്റെ അന്ത്യകർമങ്ങൾ നിർവഹിക്കാനുള്ള നടപടികൾ തമിഴ് സിനിമാതാരങ്ങളുടെ സംഘടനയുടെ നേതൃത്വത്തിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

TAGS: ABHINAY KINGAR, ACTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY