
കാരക്കാസ്: ലോകത്തെ ആയുധവില്പന മുഴുവൻ കൈയാളുക എന്ന മധുര മനോഹര മനോജ്ഞ ലക്ഷ്യത്തിലാണ് ചൈന. പാകിസ്ഥാൻ ഉൾപ്പെടെ ചില രാജ്യങ്ങളെല്ലാം ചൈനയുടെ ആയുധ ഇടപാടുകാരുമാണ്. അത്യന്താധുനിക റഡാറുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കോടികൾ മുടക്കിയാണ് പാകിസ്ഥാൻ ചൈനയിൽ നിന്ന് വാങ്ങിയത്. ഇന്ത്യയെ ലക്ഷ്യംവച്ചായിരുന്നു ഇതെല്ലാം. പക്ഷേ,ഓപ്പറേഷൻ സിന്ദൂറിൽ പാക് അതിർത്തികടന്ന് ഇന്ത്യ പ്രഹരിച്ചപ്പോൾ ചൈനീസ് റഡാറുകൾ ഒന്നും കണ്ടില്ല. അതുകാരണം ഇന്ത്യൻ ആക്രമണം പ്രതിരോധിക്കാനായില്ലെന്ന് മാത്രമല്ല കനത്ത നഷ്ടവും പാകിസ്ഥാന് ഏൽക്കേണ്ടിവന്നു.
പാകിസ്ഥാന് പറ്റിയതുപോലൊരു അബദ്ധമാണ് വെനസ്വേലയ്ക്കും പിണഞ്ഞിരിക്കുന്നത്. ചൈനീസ് റഡാറുകളെ വിശ്വസിച്ച വെനസ്വേലയ്ക്ക് യുഎസ് ആക്രമണങ്ങളെ മുൻകൂട്ടി കണ്ടെത്താനോ പ്രതിരോധിക്കാനോ കഴിഞ്ഞില്ല. മാത്രമല്ല, പ്രസിഡന്റിനെ അമേരിക്കൻ സൈന്യം കൊണ്ടുപോകുന്നത് നിസ്സഹായരായി നോക്കിനിൽക്കേണ്ടിയും വന്നു.
ജെ വൈ എൽ-1 (JYL-1) ലോംഗ് റേഞ്ച് എസ്-ബാൻഡ് 3ഡി എയർ സർവൈലൻസ് റഡാറുകളാണ് ചൈനയിൽ നിന്ന് വെനസ്വേല വാങ്ങിയത്. 450 കിലോമീറ്റർ ദൂരെയുള്ള വിമാനങ്ങളെപ്പോലും കണ്ടെത്താൻ ശേഷിയുള്ളവ എന്നാണ് ചൈന ഈ മിസൈലുകളെ വിശേഷിപ്പിച്ചിരുന്നത്. പക്ഷേ, കാരക്കാസിലുൾപ്പെടെ ബോംബിട്ട അമേരിക്കൻ വിമാനങ്ങളെയോ പ്രസിഡന്റ് മഡുറോയെയും ഭാര്യയെയും പിടികൂടാനെത്തിയ അമേരിക്കൻ ഹെലികോപ്ടറുകളെയാേ കണ്ടെത്താൻ ഇവയ്ക്കായില്ല.
അമേരിക്കൻ സൈന്യം റഡാർ സിഗ്നലുകളെ സമർത്ഥമായി ജാം ചെയ്തതാണ് ഇതിനുകാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇതിനൊപ്പം രാജ്യത്ത് അടിക്കടി ഉണ്ടാകുന്ന വൈദ്യുത പ്രതിസന്ധി റഡാറിന്റെ കൺട്രോൾ സംവിധാനത്തെ ബാധിച്ചതായും അവർ പറയുന്നു. ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാനിലെ ചൈനീസ് നിർമ്മിത റഡാറുകളുടെ സിഗ്നലുകളെ ജാംചെയ്യാൻ ഇന്ത്യൻ സൈന്യത്തിനായിരുന്നു. അതിനാൽ ഇന്ത്യൻ മിസൈലുകളെ കണ്ടെത്താനോ പ്രതിരോധിക്കാനോ പാകിസ്ഥാനായില്ല.
വെനസ്വേലയിലെ അമേരിക്കൻ സൈനിക നടപടി ബീജിംഗിനെ സംബന്ധിച്ചിടത്താേളം അത്ര നല്ലകാര്യമല്ല. ആയുധവിപണിയിലുൾപ്പെടെ അമേരിക്കൻ മേധാവിത്വത്തിനെ എതിർത്ത് ദക്ഷിണ ഏഷ്യയിലെ വൻ ശക്തിയാകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന അവർക്ക് ഇത് വൻ തിരിച്ചടിയാണ്. ചൈനയുമായി വ്യാേമപ്രതിരോധ, ആയുധ ഇടപാടിലടക്കം കരാറിൽ ഏർപ്പെടാൻ തയ്യാറായി നിന്ന പലരാജ്യങ്ങളും അതിൽ നിന്ന് പിന്മാറാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, വിചാരിച്ച ഒന്നിൽനിന്ന് അത്രയെളുപ്പം പിൻവാങ്ങുന്ന പ്രകൃതമല്ല ചൈനയുടേത്. അതിനാൽ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനുളള വഴികൾ കണ്ടെത്താൻ അവർ ശ്രമിച്ചുകൊണ്ടേയിരിക്കും. പക്ഷേ, കാര്യങ്ങൾ അത്രയെളുപ്പമല്ല എന്നുമാത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |