ന്യൂഡൽഹി: അയോദ്ധ്യാ രാമക്ഷേത്രത്തിൽ ഗ്രനേഡ് ആക്രമണം നടത്താൻ പദ്ധതിയിട്ട ഉത്തർപ്രദേശിലെ ഫൈസാബാദ് സ്വദേശി അബ്ദുൾ റഹ്മാൻ (19) അറസ്റ്റിൽ. ഡൽഹി അതിർത്തിയിലെ ഫരീദാബാദിൽവച്ച് ഞായറാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. ഇന്റലിജൻസ് ബ്യൂറോ നൽകിയ വിവരങ്ങളനുസരിച്ച്
ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും (എ.ടി.എസ്) ഹരിയാനയിലെ പൽവാൾ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്.ടി.എഫ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പിടിയിലായത്. രണ്ട് ഹാൻഡ് ഗ്രനേഡുകൾ കണ്ടെടുത്തു.
പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യ (ഐ.എസ്.കെ.പി) മൊഡ്യൂളിന്റെ പ്രവർത്തകനാണ്. ഇറച്ചിക്കച്ചവടക്കാരനായ അബ്ദുൾ റഹ്മാൻ പത്ത് മാസം മുമ്പാണ് ഭീകര നെറ്റ്‌വർക്കിൽ ചേർന്നത്. മിൽക്കിപൂരിലെ സ്വന്തം സ്ഥാപനത്തിലിരുന്ന് ഓൺലൈനിൽ ഭീകരാക്രമണത്തിൽ പരിശീലനം നേടി. ആസൂത്രിത ആക്രമണങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുത്തു. പത്താം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള റഹ്മാന് വീഡിയോ കാളുകൾ വഴി വിശദമായ നിർദ്ദേശങ്ങളും ദൗത്യങ്ങളും നൽകിരുന്നു. വെർച്വൽ പരിശീലന സെഷനുകളിൽ രാമക്ഷേത്രം ആക്രമിക്കാനുള്ള ഗൂഢാലോചനയും ആസൂത്രണം ചെയ്തതായി വിവരമുണ്ട്. നിർദ്ദേശം ലഭിച്ച പ്രകാരം രാത്രി ഓട്ടോയിൽ രാമക്ഷേത്രത്തിന്റെ പരിസരങ്ങളിൽ കറങ്ങി. മൊബൈൽ ഫോണിൽ നിന്ന് അയോദ്ധ്യ ക്ഷേത്രം അടക്കം ആരാധനാലയങ്ങളുടെ നിരവധി ഫോട്ടോകളും വീഡിയോകളും കണ്ടെത്തി. ഹരിയാന കോടതി കസ്റ്റഡിയിൽ വിട്ട അബ്‌ദുൾ റഹ്‌മാനെ വിശദമായി ചോദ്യം ചെയ്യാൻ ഗുജറാത്തിലേക്ക് കൊണ്ടുപോയി.
ഗ്രനേഡ് കിട്ടിയത്
ഫരീദാബാദിൽ
ഡൽഹിയിലെ മതസമ്മേളന കേന്ദ്രത്തിൽ പോകുകയാണെന്ന് പറഞ്ഞാണ് കഴിഞ്ഞയാഴ്‌ച അബ്‌ദുൾ റഹ്മാൻ വീട്ടിൽ നിന്നിറങ്ങിയത്. ഫരീദാബാദിൽ എത്തിയപ്പോൾ ഒരാൾ ഗ്രനേഡുകൾ നൽകി. ഫരീദാബാദിൽ തുടരാനും ആവശ്യപ്പെട്ടു. അവിടെ നിന്ന്ട്രെയിനിൽ അയോദ്ധ്യയിലെത്തി ആക്രമണം നടത്താനായിരുന്നു പദ്ധതി.
ഗ്രനേഡുകൾ ഫരീദാബാദിൽ നിന്ന് 12കിലോമീറ്റർ അകലെയുള്ള പാലി ഗ്രാമത്തിൽ ആൾതാമസമില്ലാത്ത പഴയ വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇയാളെ ബന്ധപ്പെട്ട മറ്റുള്ളവരെ സുരക്ഷാ ഏജൻസികൾ അന്വേഷിച്ചുവരികയാണ്.
ഐ.എസ്.ഐ ബന്ധമുള്ള രാഹുൽ സിംഗിനെ യു.പിയിലെ ബാലിയയിൽ നിന്ന് അറസ്റ്റു ചെയ്‌തിട്ടുണ്ട്. ഇഷിക കപൂർ എന്ന പേരിൽ അബ്‌ദുൾ റഹ്‌മാൻ അടക്കമുള്ളവരെ ബന്ധപ്പെട്ട ഐ.എസ്.ഐ വനിതാ ഏജന്റിനു വേണ്ടിയും തിരച്ചിൽ തുടരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |