
മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെയും സംഗീത സംവിധായകൻ പലാഷ് മുഛലിന്റെയും വിവാഹം മുടങ്ങിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതമുണ്ടായതിന് പിന്നാലെയാണ് വിവാഹം മാറ്റിവച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് വിവാഹവുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് കുടുംബം അറിയിക്കുകയായിരുന്നു. പലാഷിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്നും ഇത് സ്മൃതി കൈയോടെ പിടികൂടിയെന്നും ഇതേത്തുടർന്ന് വിവാഹം മുടങ്ങിയെന്നുമാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.
എന്നാൽ ഇപ്പോഴിതാ വിവാഹം മുടങ്ങിയതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സ്മൃതിയുടെ സുഹൃത്തും നടനും നിർമാതാവുമായ വിദ്യാൻ മാനെ. പലാഷ് സ്മൃതിയെ വഞ്ചിക്കുകയായിരുന്നെന്നും കിടക്കയിൽ മറ്റൊരു സ്ത്രീയോടൊപ്പം കിടന്നത് കയ്യോടെ പിടിക്കപ്പെട്ടെന്നും മാനെ പറഞ്ഞു. സ്മൃതിയുടെ ബാല്യകാല സുഹൃത്താണ് താനെന്നും സ്മൃതിയുടെ പിതാവാണ് പലാഷിനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും വിദ്യാൻ മാനെ പറഞ്ഞു.
'കിടക്കയിൽ മറ്റൊരു സ്ത്രീക്കൊപ്പം പലാഷിനെ കയ്യോടെ പിടികൂടി. ഇന്ത്യൻ ടീമിലെ സ്മൃതിയുടെ സഹതാരങ്ങളും സുഹൃത്തുക്കളുമായ പെൺകുട്ടികൾ പലാഷിനെ പൊതിരെ തല്ലി. പലാഷിന്റെ കുടുംബം മുഴുവൻ തട്ടിപ്പുകാരാണ്. സ്മൃതിയെ വിവാഹം കഴിച്ച് അവൻ സാംഗ്ലിയിൽ സ്ഥിരതാമസമാക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ അതു സംഭവിച്ചില്ല'- വിദ്യാൻ പറഞ്ഞു.
പലാശ് തന്റെ പണം തട്ടിയെടുത്തെന്ന് ആരോപിച്ച് വിദ്യാൻ ദിവസങ്ങൾക്ക് മുമ്പ് പൊലീസിനെ സമീപിച്ചിരുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പലാശിനെതിരെ വിദ്യാൻ പരാതി നൽകിയത്. ഇതിനു പിന്നാലെയാണ് വിവാഹം മുടങ്ങിയത് സംബന്ധിച്ച് വെളിപ്പെടുത്തലും പുറത്തുവന്നത്. പൊലീസിന് നൽകിയ പരാതിപ്രകാരം 2023 ഡിസംബർ അഞ്ചിന് വിദ്യൻ മാനെ പലാഷുമായി സാംഗ്ലിയിൽ കൂടിക്കാഴ്ച നടത്തി. ചലച്ചിത്രനിർമ്മാണത്തിൽ പണം നിക്ഷേപിക്കാൻ മാനെ താൽപര്യം പ്രകടിപ്പിച്ചു. ഇതോടെ തന്റെ വരാനിരിക്കുന്ന പ്രൊജക്റ്റ് 'നസാരിയ'യിൽ ഒപ്പം പ്രവർത്തിക്കാനും പണം നിക്ഷേപിക്കാനും പലാഷ് ആവശ്യപ്പെട്ടു.
ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്താൽ 25 ലക്ഷം മുതൽമുടക്കിൽ 12 ലക്ഷം രൂപ ലാഭം നേടാൻ കഴിയുമെന്ന് പലാഷ് വിശ്വസിപ്പിച്ചു. കൂടാതെ സിനിമയിൽ ഒരു വേഷം വാഗ്ദാനം ചെയ്തതായും പരാതിയിൽ ആരോപിക്കുന്നു. ഈ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ ഇതിനുശേഷവും ഇരുവരും കണ്ടുമുട്ടി. 2025 മാർച്ച് വരെ ആകെ 40 ലക്ഷം രൂപ പലാഷിന് നൽകിയതായാണ് പരാതിയിൽ ആരോപിക്കുന്നത്. എന്നാൽ പലാഷ് വാഗ്ദാനം ചെയ്ത പ്രകാരമുള്ള പദ്ധതികളൊന്നും ആരംഭിച്ചില്ല. അതിനാൽ പണം തിരികെ ആവശ്യപ്പെട്ടിട്ടും തനിക്ക് മറുപടിയൊന്നും ലഭിച്ചില്ലെന്ന് മാനെ പറയുന്നു. തുടർന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ വിദ്യാന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പലാഷ് പ്രതികരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |