ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ട് ടിവികെ അദ്ധ്യക്ഷൻ വിജയ്. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളുമായി ഇന്നലെ വൈകുന്നേരം മുതൽ വിജയ് വീഡിയോ കോളിൽ സംസാരിക്കാൻ ആരംഭിച്ചതായാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. മരണങ്ങളിൽ ദുഃഖം രേഖപ്പെടുത്തിയതായും വിവരമുണ്ട്.
ദുരന്തത്തിൽ ഭാര്യയെയും മകളെയും നഷ്ടപ്പെട്ട തന്നോട് വിജയ് സംസാരിച്ചതായി എമൂർ പുതൂർ സ്വദേശി കെ ശക്തിവേൽ വെളിപ്പെടുത്തി. നഷ്ടം സഹിക്കാവുന്നതിലും അപ്പുറമാണെന്ന് വിജയ് പറഞ്ഞു. താമസിയാതെ കാണാൻ എത്തുമെന്നും അദ്ദേഹം അറിയിച്ചു. രണ്ട് മിനിട്ട് നേരത്തോളം വിജയ് സംസാരിച്ചതായും ശക്തിവേൽ വ്യക്തമാക്കി. വിജയ് കാണാൻ എത്തുമ്പോൾ എന്ത് ആവശ്യവും അറിയിക്കാമെന്ന് പാർട്ടി പ്രവർത്തകർ പിന്നീട് പറഞ്ഞതായും പാർട്ടി പ്രഖ്യാപിച്ച നഷ്ടപരിഹാരം നൽകുന്ന ദിവസം അറിയിക്കാമെന്ന് വ്യക്തമാക്കിയതായും ശക്തിവേൽ കൂട്ടിച്ചേർത്തു.
22കാരിയായ ഭാര്യയെ നഷ്ടപ്പെട്ട പുതുപ്പട്ടി സ്വദേശി എസ് സുധനുമായി വിജയ് സംസാരിച്ചതായും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ആശങ്കപ്പെടേണ്ടതില്ലെന്ന് വിജയ് പറഞ്ഞു. താമസിയാതെ കാണാൻ വരുമെന്ന് അറിയിച്ചതായി സുധൻ വെളിപ്പെടുത്തി. ദുരന്തത്തിൽ ജീവൻ നഷ്ടമായ ധനുഷ് കുമാറിന്റെ അമ്മയോടും സഹോദരിയോടും വിജയ് സംസാരിച്ചതായി ബന്ധു അറിയിച്ചു. ദുഃഖം അറിയിച്ച വിജയ് ഫോൺ സംഭാഷണത്തിനിടെ ഏറെനേരം നിശബ്ദനായിരുന്നുവെന്നും ബന്ധു തമിഴരസൻ പറഞ്ഞു. അതേസമയം, കോളുകൾ റെക്കാഡ് ചെയ്യുകയോ ഫോട്ടോ എടുക്കുകയോ ചെയ്യരുതെന്ന് പാർട്ടി പ്രവർത്തകർ അഭ്യർത്ഥിച്ചതായും കുടുംബാംഗങ്ങൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |