
ഇന്ത്യ Vs ഇംഗ്ളണ്ട് സെമിഫൈനൽ നാളെ രാത്രി 7മുതൽ മുംബയ്‌യിൽ
മുംബയ് : ട്വന്റി-20 ലോകകപ്പ് കിരീടം നിലനിറുത്താനിറങ്ങുന്ന ഇന്ത്യയ്ക്ക് സെമിഫൈനലിൽ കടുത്ത വെല്ലുവിളിയുമായി മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ട്. നാളെ മുംബയ് വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള സെമിഫൈനൽ.
വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ സഞ്ജു സാംസണിന്റെ മികവിൽ ഗംഭീര വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കൊൽക്കത്തയിൽ നിന്ന് മുംബയ്‌യിലേക്ക് എത്തിയിരിക്കുന്നത്. വിൻഡീസിനെതിരെ സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം വിജയം നൽകിയെങ്കിലും അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ തുടങ്ങിയവരുടെ ഫോം ആശങ്കയുണർത്തുന്നുണ്ട്. നോക്കൗട്ടിലേക്ക് എത്തുമ്പോൾ ബാറ്റിംഗ് നിര ഒന്നാകെ മികവ് കാട്ടേണ്ടതും മികച്ച കൂട്ടുകെട്ടുകൾ സൃഷ്ടിക്കപ്പെടേണ്ടതും ആവശ്യമാണ്. വരുൺ ചക്രവർത്തിയുടെ ബൗളിംഗ് ഫോമും തൃപ്തികരമല്ല. ബുംറ, ഹാർദിക് എന്നിവർ മികവ് കാട്ടുന്നുണ്ട്. എന്നാൽ ഇംഗ്ളണ്ടിനെപ്പോലെ ഒരു ടീമിനെതിരെ ഇറങ്ങുമ്പോൾ നേരിയ പിഴവുകൾ പോലും തിരിച്ചടിയാകും.
ഗ്രൂപ്പ് റൗണ്ടിൽ വെസ്റ്റ് ഇൻഡീസിനോട് മാത്രം തോറ്റ ഇംഗ്ളണ്ട് സൂപ്പർ എട്ട് റൗണ്ടിൽ എല്ലാ മത്സരങ്ങളിലും ഗംഭീര പ്രകടനത്തോടെ വിജയം നേടി ആദ്യം സെമി ഉറപ്പിച്ച ടീമാണ്.ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ നാലു റൺസിനായിരുന്നു ഇംഗ്ളണ്ടിന്റെ വിജയം. രണ്ടാം മത്സരത്തിൽ വിൻഡീസിനോട് തോൽവി 30 റൺസിന്. എന്നാൽ പിന്നീടവിടുന്ന് ഇംഗ്ളണ്ട് ഉയിർത്തെണീക്കുകയായിരുന്നു. സ്കോട്ട്ലാൻഡിനെയും ഇറ്റലിയേയും തോൽപ്പിച്ച് സൂപ്പർ എട്ടിലെത്തിയ ഇംഗ്ളണ്ട് അവിടെ 51 റൺസിന് ശ്രീലങ്കയേയും രണ്ട് വിക്കറ്റിന് പാകിസ്ഥാനേയും നാലുവിക്കറ്റിന് ന്യൂസിലാൻഡിനേയും തോൽപ്പിച്ചു.
ഗ്രൂപ്പ് എയിൽ അമേരിക്ക, പാകിസ്ഥാൻ, നമീബിയ, നെതർലാൻഡ്സ് എന്നിവരെ തോൽപ്പിച്ച് സൂപ്പർ എട്ടിലേക്ക് എത്തിയ സൂര്യകുമാർ യാദവിന്റെ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ തോൽവി വലിയ പ്രഹരമായിരുന്നു. എന്നാൽ 72 റൺസിന് സിംബാബ്വേയേയും അഞ്ചുവിക്കറ്റിന് വിൻഡീസിനെയും കീഴടക്കി ഇന്ത്യ സെമിയിലേക്ക് ബർത്ത് നേടി.
ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയും ഇംഗ്ളണ്ടും തമ്മിൽ ഏറ്റുമുട്ടിയാൽ വിജയിക്കുന്നവർ കിരീടം നേടുന്നതാണ് ഇതുവരെയുള്ള ചരിത്രം. 2022 ലോകകപ്പിന്റെ സെമിയിൽ ഇംഗ്ളണ്ട് ഇന്ത്യയെ തോൽപ്പിച്ചു. ഫൈനലിൽ പാകിസ്ഥാനെ കീഴടക്കി കിരീടവും നേടി. 2024 ലോകകപ്പിൽ സെമിയിൽ ഇംഗ്ളണ്ടിനെ തോൽപ്പിച്ച ഇന്ത്യ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടമുയർത്തി. ഇക്കുറി ചരിത്രം ആവർത്തിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
നിസാരമായി തോൽപ്പിക്കാൻ കഴിയുന്ന ടീമല്ല ഇംഗ്ളണ്ട്. ലോകോത്തര നിലവാരമുള്ള നിരവധി കളിക്കാർ അവർക്കുണ്ട്. സെമിയിൽ അവർക്കെതിരെ ഏറ്റവും മികച്ച പ്രകടനംതന്നെ ഞങ്ങൾ പുറത്തെടുക്കും.
- ഗൗതം ഗംഭീർ, ഇന്ത്യൻ കോച്ച്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |