SignIn
Kerala Kaumudi Online
Tuesday, 03 March 2026 9.31 PM IST

ഹോർമൂസിൽ കുടുങ്ങിയത് 700 കപ്പലുകൾ, എണ്ണ എത്തിയില്ലെങ്കിൽ ഇന്ത്യയുടെ 'പ്ലാൻ ബി', വിലയും കൂടിയേക്കും

Increase Font Size Decrease Font Size Print Page

hormuz

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെയുള്ള ആഗോള എണ്ണനീക്കം ഏതാണ്ട് പൂർണ്ണമായും നിലച്ചതോടെ ലോകം ഊർജ്ജപ്രതിസന്ധിയുടെ വക്കിലെത്തിയിരിക്കുകയാണ്. കിഴക്ക്-പടിഞ്ഞാറൻ ഭാഗങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ ഗതാഗതത്തിന്റെ 86 ശതമാനവും ഇതോടെ തടസപ്പെട്ടു. മാരിടൈം അനലിറ്റിക്സ് സ്ഥാപനങ്ങളായ 'വിൻഡ്വാർഡ്', 'കെപ്ലർ' എന്നിവ നൽകുന്ന വിവരങ്ങൾ പ്രകാരം, ഈ ജലപാത നിലവിൽ നിശ്ചലമാണ്. മാർച്ച് 1ന് കേവലം മൂന്ന് ടാങ്കറുകൾ മാത്രമാണ് ഇതിലൂടെ കടന്നുപോയത്.

2026ലെ പ്രതിദിന ശരാശരി 1.98 കോടി ബാരലായിരുന്ന സ്ഥാനത്ത് മാർച്ച് ഒന്നിന് വെറും 28 ലക്ഷം ബാരൽ മാത്രമാണ് ഇതുവഴി നീങ്ങിയത്. മാർച്ച് 2ന് ഇത് വീണ്ടും കുറഞ്ഞ് ഒരു ചെറിയ ടാങ്കറും ചരക്കുകപ്പലും മാത്രമായി ഒതുങ്ങി. നിലവിൽ ഇറാൻ ഇതര രാജ്യങ്ങളുടെ 706 കപ്പലുകളാണ് കടലിടുക്കിന്റെ ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്. ഇതിൽ 334 ക്രൂഡ് ഓയിൽ കപ്പലുകളും 372 മറ്റ് കപ്പലുകളും ഉൾപ്പെടുന്നു. നൂറുകണക്കിന് കപ്പലുകൾ ഒമാൻ ഉൾക്കടലിലും ലക്ഷ്യമില്ലാതെ നടുക്കടലിലും കാത്തുനിൽക്കുകയാണ്.

ഈ പ്രതിസന്ധി ആഗോള വിപണിയെ വല്ലാതെ ഉലച്ചിട്ടുണ്ട്. പ്രതിസന്ധി രൂക്ഷമായതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില 10 ശതമാനം വർധിച്ച് ബാരലിന് 80 ഡോളറിലെത്തി. സൗദി അറേബ്യയിലെ റാസ് തനൂറ റിഫൈനറിക്കും ഖത്തറിലെ എൽഎൻജി പ്ലാന്റിനും നേരെയുണ്ടായ ആക്രമണങ്ങളെത്തുടർന്ന് യൂറോപ്യൻ ഗ്യാസ് വിലയിൽ 40 ശതമാനത്തിലധികം വർധനവുണ്ടായിട്ടുണ്ട്.

ഹോർമൂസ് കടലിടുക്കിലെ തടസം ഏതാനും ദിവസങ്ങൾ കൂടി തുടർന്നാൽ കപ്പലുകളുടെ നീണ്ട നിര വർദ്ധിക്കാനും എണ്ണ വിതരണം പൂർണമായും താളം തെറ്റാനും സാദ്ധ്യതയുണ്ട്. നിലവിൽ ഗൾഫ് മേഖലയിലെ കപ്പലുകളുടെ ഇൻഷുറൻസ് ചെലവും ചരക്ക് കൂലിയും കുത്തനെ ഉയരുകയാണ്. ഇത് ലോകമെമ്പാടുമുള്ള ഇന്ധനവില വർദ്ധിക്കാൻ നേരിട്ട് കാരണമാകും. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെത്തുടർന്ന് ഏഷ്യയിലെയും യൂറോപ്പിലെയും എണ്ണ ശുദ്ധീകരണശാലകൾ ബദൽ മാർഗങ്ങൾ കണ്ടെത്താനുള്ള തിരക്കിലാണ്. പടിഞ്ഞാറൻ ആഫ്രിക്ക, ബ്രസീൽ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ എത്തിക്കാനാണ് നിലവിൽ ശ്രമം നടക്കുന്നത്.

ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിലിനെ വളരെയധികം ആശ്രയിക്കുന്ന ചൈനയെയും ഇന്ത്യയെയും ഈ സാഹചര്യം നേരിട്ട് ബാധിക്കും. കേന്ദ്രസർക്കാർ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി പെട്രോൾ, ഡീസൽ എന്നിവയുടെ കയറ്റുമതി ഇന്ത്യ പരിമിതപ്പെടുത്തിയേക്കും. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കാൻ സാദ്ധ്യതയുണ്ട്. വിതരണ തടസം നീണ്ടുനിൽക്കുകയാണെങ്കിൽ എൽപിജി റേഷൻ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാദ്ധ്യതയുണ്ട്.

TAGS: NEWS 360, WORLD, WORLD NEWS, INDIA, GULF, FUEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.