ന്യൂഡൽഹി: ട്രെയിൻ യാത്രയ്‌ക്കിടെ തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി യൂട്യൂബർ കനിക ദേവ്രാനി. ഡൽഹിയിൽ നിന്ന് ഗുവാഹത്തിയിലേക്കുള്ള യാത്രയ്‌ക്കിടെ ബ്രഹ്മപുത്ര മെയിലിന്റെ സെക്കൻഡ് എസി കോച്ചിൽ വച്ച് തനിക്ക് മയക്കുമരുന്ന് സ്‌പ്രേ ചെയ്‌ത ശേഷം തന്നെ കൊള്ളയടിച്ചു എന്നാണ് കനിക ദേവ്രാനി ആരോപിച്ചത്. പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോഴാണ് സംഭവം നടന്നതെന്നും ട്രാവൽ വ്ലോഗറായ കനിക പറഞ്ഞു. ഒപ്പം യാത്ര ചെയ്‌തിരുന്നവരും കവർച്ചയ്‌ക്ക് ഇരയായെന്ന് കനിക പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിലാണ് യുവതിയുടെ വെളിപ്പെടുത്തൽ. മുകളിലെ ബർത്തിലുണ്ടായിരുന്ന ഒരു യത്രക്കാരൻ തന്റെ മുഖത്ത് എന്തോ സ്‌പ്രേ ചെയ്‌തതായി കനിക പറഞ്ഞു. പിന്നീട് ഒന്നും ഓർമയില്ലായിരുന്നു. ബോധം തിരികെ കിട്ടിയപ്പോൾ തലയണയ്‌ക്കടിയിൽ വച്ചിരുന്ന ഐഫോൺ 15 പ്രോ മാക്‌സ് കാണാനില്ല. പണവും നഷ്‌ടപ്പെട്ടു. ആ വ്യക്തി ആരാണെന്നറിയില്ലെന്നും ഫോണിന്റെ ലൈവ് ലൊക്കേഷൻ ഉണ്ടായിരുന്നിട്ടും പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും തന്നെ സഹായിച്ചില്ലെന്നും കനിക ആരോപിച്ചു.
സംഭവത്തിൽ പ്രതികരണവുമായി റെയിൽവേയും എത്തിയിട്ടുണ്ട്. ആവശ്യമായ നടപടിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ട് എന്നാണ് റെയിൽവേ സേവ എന്ന പേജിൽ നിന്നും കനികയുടെ വീഡിയോയ്‌ക്ക് താഴെ വന്ന കമന്റ്. നാല് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബ് ചാനലാണ് കനികയുടേത്. യാത്ര, ഫാഷൻ, ലൈഫ്‌സ്റ്റൈൽ തുടങ്ങിയ വീഡിയോകളാണ് ചാനലിൽ പങ്കുവയ്‌ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |