വാഷിംഗ്ടൺ: യുഎസിലെ ടെക്സസിൽ കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ മരണം 27ആയി. ഒമ്പത് കുട്ടികൾ അടക്കം 27 പേർ മരിച്ചു. ഗ്വാഡലപ് നദിക്കരയിലെ സമ്മർ ക്യാമ്പിൽ പങ്കെടുക്കാനെത്തിയ 27 പെൺകുട്ടികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. പുലർച്ചയോടെ ടെക്സാസിലെ സാൻ അന്റോണിയോയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് കനത്ത പ്രളയം ഉണ്ടായത്.
ശക്തമായ മഴയ്ക്ക് പിന്നാലെ ഒറ്റ മണിക്കൂർ കൊണ്ട് ടെക്സാസിലെ കെർ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഗ്വാഡലപ് നദിയിലെ ജലം 29 അടി ഉയരത്തിൽ വരെ ഉയർന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കാണാതായവർക്കായി അധികൃതർ തെരച്ചിൽ ശക്തമാക്കി. ആയിരത്തോളം പേരെ മേഖലയിൽ നിന്ന് ഒഴിപ്പിച്ചു. പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് പ്രാദേശിക അധികൃതർ പറഞ്ഞു.
ദുരന്തത്തിൽ നിരവധി വീടുകളും മരങ്ങളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോകുന്നതിന്റെ വീഡിയോകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തി പ്രാപിക്കുമെന്നതിനാൽ കൂടുതൽ നാശനഷ്ടങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. 237 പേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ക്യാമ്പ് സൈറ്റിൽ ട്രക്കുകളെത്തി ആളുകളെ പുറത്തെത്തിക്കാൻ തുടങ്ങിയതായി യുഎസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാണാതായ പെൺകുട്ടികളെ കണ്ടെത്തുന്നതിനായി വൻതോതിലുള്ള രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഏകദേശം 500 രക്ഷാപ്രവർത്തകരെയും 14 ഹെലികോപ്റ്ററുകളും നീന്തൽ വിദഗ്ധരെയടക്കമുള്ളവരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |