26 നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് കണക്ക് ചോദിച്ചിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാന്റെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സെെന്യം ഇന്ന് പുലർച്ചെ 1.44ന് തകർത്ത് തരിപ്പണമാക്കിയത്. ഓപ്പറേഷൻ സിന്ദൂർ എന്നാണ് ഈ ഓപ്പറേഷന് പേര് നൽകിയിരിക്കുന്നത്. ഏപ്രിൽ 22നാണ് പഹൽഗാമിൽ ഭീകരാക്രമണം നടക്കുന്നത്. 17-ാം ദിവസം ഇന്ത്യ അതിശക്തമായി പാകിസ്ഥാനിൽ സർജിക്കൽ സ്ട്രെെക്ക് നടത്തി.
പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന നിരോധിത ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ ത്വയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു ഇന്ത്യയുടെ മിസൈൽ ആക്രമണം. ബഹവൽപൂർ, മുരിദ്‌കെ, ഗുൽപൂർ, സവായ്, ബിലാൽ ക്യാമ്പ്, കോട്ലി ക്യാമ്പ്, ബർണാല ക്യാമ്പ്, സർജൽ ക്യാമ്പ്,മെഹ്മൂന ക്യാമ്പ് എന്നീ കേന്ദ്രങ്ങളാണ് ഇന്ത്യൻ സെെന്യം തകർത്തത്.
ആക്രമണത്തിൽ 80 ഭീകരർ മരിച്ചെന്നാണ് പുറത്തുവരുന്ന വിവരം. ഓപ്പറേഷൻ സിന്ദൂരിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ ജനത ഏറ്റവും കൂടുതൽ ഗൂഗിളിൽ തെരഞ്ഞത് എന്താണെന്ന് അറിയാമോ?
'എന്താണ് സിന്ദൂർ' 'എന്താണ് ഓപ്പറേഷൻ സിന്ദൂർ', 'ഇംഗ്ലീഷിൽ സിന്ദൂറിന്റെ അർത്ഥം', ' ഓപ്പറേഷൻ സിന്ദൂർ' എന്നിങ്ങനെയാണ് പാകിസ്ഥാനിലെ ജനങ്ങൾ ഏറ്റവും കൂടുതൽ തെരഞ്ഞത്. ഇസ്ലാമാബാദ്, പഞ്ചാബ്, സിന്ധ് എന്നിവിടങ്ങളിൽ നിന്നുള്ളവർ തെരഞ്ഞത് ' ഇന്ത്യൻ മിസെെൽ വിക്ഷേപിച്ചു', ' ഇന്ത്യൻ മിസെെൽ ആക്രമണം', 'ഇന്ത്യ പാകിസ്ഥാനിൽ മിസെെൽ ആക്രമണം നടത്തി' എന്നിങ്ങനെയാണ്. പാകിസ്ഥാനിലെ പല പ്രദേശങ്ങളിലെയും ജനങ്ങൾ വെള്ളക്കൊടിയും ഗൂഗിളിൽ തെരഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |