ദോഹ : കലാശക്കളിയുടെ മുഴുവൻ രൗദ്രഭാവങ്ങളും ആവാഹിച്ച ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ കീഴടക്കി മെസിയുടെ അർജന്റീന കിരീടം ചൂടി. ഫ്രാൻസിനെ പെനാൽറ്റിയിൽ 4-2 നാണ് അർജന്റീന തോൽപ്പിച്ചത്. ലോകത്തെ മുഴുവൻ ഫുട്ബാൾ ആരാധകരുടെ കൈയടികളും പ്രശംസയും നേടിയ മെസിയെയും സംഘത്തെയും കാത്തിരിക്കുന്നത് കോടികളുടെ സമ്മാനത്തുകയാണ്. ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് മാത്രമല്ല രണ്ടാം സ്ഥാനം നേടിയ ഫ്രാൻസിന് ഉൾപ്പടെ ലോകകപ്പ് മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും വൻ തുകയാണ് സമ്മാനമായി ലഭിക്കുന്നത്. ലോകകപ്പിൽ ഏതൊക്കെ സ്ഥാനങ്ങളാണ് ലഭിച്ചതെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും സമ്മാനത്തുകയുടെ ഏറ്റക്കുറച്ചിലുകൾ തീരുമാനിക്കുക. ടൂർണമെന്റിന്റെ തയ്യാറെടുപ്പ് ചെലവായി പങ്കെടുത്ത 32 ടീമിനും 1.5 മില്യൺ ഡോളർ വീതം നൽകിയിട്ടുണ്ടായിരുന്നു.
കണ്ണ് തള്ളിക്കുന്ന ആ സമ്മാനത്തെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ഇങ്ങനെയാണ്:
കപ്പ് നേടിയ അർജന്റീനയ്ക്ക് ഫിഫ നൽകുന്നത് 42 മില്യൺ ഡോളറാണ്. ഇത് ഏകദേശം 344 കോടി രൂപ വരും. റണ്ണേഴ്‌സ് അപ്പായ ഫ്രാൻസിന് 30 മില്യൺ ഡോളർ (ഏകദേശം 248 കോടി രൂപ) ആണ് സമ്മാനമായി ലഭിക്കുന്നത്. മൂന്ന് , നാല് സ്ഥാനങ്ങളിലെത്തിയ ക്രൊയേഷ്യ, മൊറോക്കോ എന്നീ ടീമുകൾക്ക് യഥാക്രമം 27 മില്യൺ ഡോളറും 25 മില്യൺ ഡോളറുമാണ് സമ്മാനമായി ലഭിക്കുന്നത്.
അഞ്ച് മുതൽ എട്ടാം സ്ഥാനംവരെയുള്ള ടീമുകൾക്ക് (നെതർലാൻഡ്‌സ്, ബ്രസീൽ, പോർച്ചുഗൽ, ഇംഗ്ലണ്ട്) 17 മില്യൺ ഡോളർ വീതവും 9മുതൽ 16 ാം സ്ഥാനം വരെയുള്ള ടീമുകൾക്ക് (യു.എസ്, ഓസ്‌ട്രേലിയ, പോളണ്ട്, സെനഗൽ, ജപ്പാൻ, ദക്ഷിണ കൊറിയ, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്) 14 മില്യൺ ഡോളർ വീതവുമാണ് ലഭിക്കുക. ഗ്രൂപ്പ് സ്റ്റേജ് ടീമുകളായ (ഇക്വഡോർ, ഖത്തർ, ഇറാൻ, വെയിൽസ്, മെക്സിക്കോ, സൗദി അറേബ്യ, ടുണീഷ്യ, ഡെൻമാർക്ക്, ജർമ്മനി, കോസ്റ്റാറിക്ക, ബെൽജിയം, കാനഡ, കാമറൂൺ, സെർബിയ, ഉറുഗ്വേ, ഘാന)എന്നിവയ്ക്ക് 9 മില്യൺ ഡോളർ വീതവും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |