ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബിയില്‍ സെമി ഫൈനലിലേക്കുള്ള പോര് കടുക്കുന്നു. നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് 274 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ സെദിഖുള്ള അത്തല്‍, അസ്മത്തുള്ള ഒമര്‍സായ് എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറി മികവിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ അവര്‍ക്ക് ഓസീസിനെ മറികടക്കാന്‍ സാധിച്ചാല്‍ സെമിയിലെത്താം. തോല്‍ക്കുകയാണെങ്കില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഗ്രൂപ്പില്‍ നിന്ന് സെമിയിലേക്ക് മുന്നേറും.
ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ വിക്കറ്റ് 0(5) അഫ്ഗാന് നഷ്ടമായി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ ഇബ്രാഹിം സദ്രാന്‍ 22(28) റണ്‍സ് നേടി പുറത്തായി. 95 പന്തില്‍ 85 റണ്‍സ് നേടിയ സെദിഖുള്ള അത്തല്‍ ആണ് ടോപ് സ്‌കോറര്‍. ആറ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമാണ് താരം നേടിയത്. റഹ്‌മത്ത് ഷാ 12(21) റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ ഹാഷ്മത്തുള്ള ഷാഹിദി 20(49) റണ്‍സിന് പുറത്തായി.
63 പന്തുകളില്‍ നിന്ന് അഞ്ച് സിക്‌സറുകള്‍ സഹിതം 67 റണ്‍സ് നേടിയ അസ്മത്തുള്ള ഒമര്‍സായിയുടെ പ്രകടനം സ്‌കോര്‍ 273ല്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായി. മുഹമ്മദ് നബ് 1(1), ഗുല്‍ബാദിന്‍ നയീബ് 4(12), റാഷിദ് ഖാന്‍ 19(17), നൂര്‍ അഹമ്മദ് 6(8) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഓസ്‌ട്രേലിയക്ക് വേണ്ടി ബെന്‍ ഡ്വാര്‍ഷിയുസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സ്‌പെന്‍സര്‍ ജോണ്‍സന്‍, ആദം സാംപ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി. നാഥന്‍ എലീസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |