SignIn
Kerala Kaumudi Online
Friday, 19 September 2025 1.31 AM IST

ബാറ്റിംഗ് ടെക്‌നിക്കിൽ സച്ചിനോളം വരില്ല ,ഫീൽഡിൽ ശാന്തനുമല്ല; എന്നാലും 35-ാം വയസിലും ടീമിലെ മറ്റാരേക്കാളും കരുത്തോടെ കളിക്കാൻ വിരാടിന് കഴിയുന്നതിന് കാരണമുണ്ട്

Increase Font Size Decrease Font Size Print Page
sachin-kohli

2013 നവംബർ 14ന് മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ തന്റെ അവസാന അന്താരാഷ്ട്ര മത്സരത്തിന് ശേഷം വിടവാങ്ങൽ പ്രസംഗത്തിനായി തിരിക്കും മുന്നേ ഡ്രെസിംഗ് റൂമിൽ വച്ച് സച്ചിൻ ടെൻഡുൽക്കർ പ്രസംഗമെഴുതിയ പേപ്പർ കൈയിൽ കൊടുത്തിട്ട് വിരാട് കൊഹ്‌ലിയോടു പറഞ്ഞു, 'കൂടെയുണ്ടായിരിക്കണം, എന്തെങ്കിലും മറന്നുപോയാൽ ഓർമ്മിപ്പിക്കണം''. സച്ചിൻ വിരാരനിർഭരനായി വിടവാങ്ങൽ പ്രസംഗം നടത്തുമ്പോൾ അതീവ ശ്രദ്ധയോടെ ഒപ്പമുണ്ടായിരുന്നു വിരാട്. അതിന് ശേഷം സച്ചിനെ തോളിലേറ്റി സ്റ്റേഡിയം വലംവയ്ക്കാനും മുന്നിൽ നിന്നത് അന്ന് 25കാരനായ വിരാടായിരുന്നു. സിംഹാസനമൊഴിയുന്ന രാജാവ് ചെങ്കോൽ കൈമാറുന്നതുപോലെയാണ് അന്ന് സച്ചിൻ തന്റെ കുറിപ്പ് വിരാടിന്റെ കയ്യിൽ കൊടുത്തത്.

സച്ചിന്റെ പിൻഗാമിയായിത്തന്നെയാണ് വിരാട് തന്റെ കരിയർ പടുത്തുർത്തിയത്. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20യിലും ഒരുപോലെ മികച്ച ബാറ്റിംഗ് കാഴ്ചവയ്ക്കാനുള്ള വിരാടിന്റെ കഴിവാണ് അദ്ദേഹത്തെ സച്ചിന്റെ പകരക്കാരൻ എന്ന ലേബൽ നൽകിയത്. ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ സെന്റർ ഫോർവേഡായിരുന്നു സച്ചിനെങ്കിൽ പതിയെ ആ സ്ഥാനം വിരാടിലേക്കെത്തി. ബാറ്റിംഗ് ടെക്നിക്കിൽ സച്ചിനോളം വരില്ല വിരാട്. സച്ചിനെപ്പോലെ ഫീൽഡിലെ ശാന്തനുമല്ല. എന്നാൽ ശാരീരികക്ഷമതയിൽ ഈ ടീമിലെ ആരെക്കാളും മുന്നിലാണ്. അതുകൊണ്ടാണ് 35-ാം വയസിലും ഇത്ര കരുത്തോടെ കളിക്കാൻ കഴിയുന്നത്.

സച്ചിൻ വിരമിക്കുമ്പോൾ ക്രിക്കറ്റിലെ മിക്ക ബാറ്റിംഗ് റെക്കാഡുകളും അദ്ദേഹത്തിന്റെ പേരിലായിരുന്നു. ഈ റെക്കാഡുകൾ ആർക്കെങ്കിലും തകർക്കാനാകുമോ എന്ന് വാസിം അക്രമിനെപ്പോലുള്ള വിദഗ്‌ദ്ധർപോലും അന്ന് സന്ദേഹിച്ചിരുന്നു. പന്നാൽ പിന്നീട് സച്ചിന്റെ റെക്കാഡുകൾ പലതും വിരാട് തിരുത്തിയെഴുതുന്നത് കണ്ടു. ഏറ്റവും ഒടുവിലായി ഏകദിന സെഞ്ച്വറികളുടെ എണ്ണത്തിലും ലോകകപ്പിലെ റൺവേട്ടയിലും സച്ചിൻ കുറിച്ചിട്ട ചരിത്രം വിരാട് തിരുത്തി തന്റെ പേരിലേക്ക് മാറ്റി. ഏകദിന സെഞ്ച്വറികളുടെ എണ്ണത്തിൽ വിരാട് സച്ചിനെൊപ്പമെത്തിയതും ഈ ലോകകപ്പിലായിരുന്നു. ന്യൂസിലാൻഡിനെതിരായ സെമിഫൈനലിൽ വിരാട് തന്റെ റെക്കാഡ് തകർക്കുന്നത് കാണാൻ സച്ചിനും ഉണ്ടായിരുന്നു. റെക്കാഡ് തകർത്തതിന് ശേഷം വിരാട് ആദ്യം ചെയ്തത് ഗാലറിയിലിരുന്ന സച്ചിനെ അഭിവാദ്യം ചെയ്ത് ആദരവ് അർപ്പിക്കുകയായിരുന്നു.

463 ഏകദിനങ്ങളിലെ 452 ഇന്നിംഗ്സുകളിൽ നിന്നാണ് സച്ചിൻ 49 സെഞ്ച്വറികൾ നേടിയത്. വിരാട് തന്റെ 291-ാം ഏകദിനത്തിലാണ് അമ്പതാം നൂറ് തികച്ചത്. ക്രിക്കറ്റ് നിയമങ്ങളിലും ഫീൽഡിംഗ് നിയന്ത്രണങ്ങളിലും ഒക്കെ വന്ന മാറ്റങ്ങൾ കളിയുടെ വേഗം കൂട്ടിയിട്ടുണ്ട്. ഗ്ളെൻ മക്ഗ്രാത്തിനെയും കോട്നി വാൽഷിനെയും ബ്രെറ്റ് ലീയേയും ഷേൻ വാണിനെയും മുത്തയ്യ മുരളീധരനെയും പോലയുള്ള ബൗളർമാരെ വിരാടിന് നേരിടേണ്ടിവന്നിട്ടുമില്ല. അമ്പയർമാർ അന്തിമവിധി പറയുന്ന കാലവുമല്ലിത്. ഇതൊക്കെ റെക്കാഡ് നേട്ടത്തിലേക്കുള്ള വിരാടിന്റെ യാത്രയ്ക്കും വേഗം കൂട്ടിയിരിക്കാം.

തകർക്കപ്പെടാനായി ഇനിയുമൊരുപാട് സച്ചിന്റെ റെക്കാഡുകൾ വിരാടിനെ കാത്തിരിപ്പുണ്ട്. അന്താരാഷ്ടട്ര ക്രിക്കറ്റിലെ 100 സെഞ്ച്വറികളാണ് അതിൽ ഏറ്റവും പ്രധാനം. ടെസ്റ്റിൽ 51 സെഞ്ച്വറികളും ഏകദിനത്തിൽ 49 സെഞ്ച്വറികളുമാണ് സച്ചിൻ നേടിയത്. വിരാട് ടെസ്റ്റിൽ 29 സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ട്വന്റി-20യിൽ ഒരു സെഞ്ച്വറിയും. ഇനിയും 20 ശതകങ്ങൾ കൂടി വിരാടിന്റെ വില്ലോയിൽ നിന്ന് പിറക്കുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. അന്താരാഷ്ട്ര റൺവേട്ടയിൽ (34357 റൺസ്) സച്ചിന്റെ റെക്കാഡ് തകർക്കാൻ നിലവിലെ സാഹചര്യത്തിൽ സാദ്ധ്യതയുള്ളത് വിരാടിന് മാത്രമാണ്. എല്ലാഫോർമാറ്റുകളിലുമായി 26478 റൺസ് ഇപ്പോൾ വിരാടിന്റെ ശേഖരത്തിലുണ്ട്.

2009 ഡിസംബർ 24ന് കൊൽക്കത്ത ഈഡൻഗാർഡൻസിൽ വച്ചാണ് വിരാട് തന്റെ ആദ്യ ഏകദിന സെഞ്ച്വറി ശ്രീലങ്കയ്ക്ക് എതിരെ നേടിയത്. ഏഴുവർഷത്തിന് ശേഷം 2016ൽ കാൻബറയിൽ വച്ച് ഓസ്ട്രേലിയയ്ക്ക് എതിരെ 25-ാം സെഞ്ച്വറി പിറന്നു. വീണ്ടുമൊരു ഏഴുവർഷത്തിനപ്പുറം 50-ാം സെഞ്ച്വറിയും. ഇനിയുമൊരു ഏഴുവർഷം, അല്ലെങ്കിൽ വേണ്ട അഞ്ചുവർഷം വിരാട് കളത്തിലുണ്ടെങ്കിൽ ബാറ്റിംഗ് റെക്കാഡുകൾക്ക് ഒരവകാശിയേ കാണൂ....

''ദൈവമാണ് ഏറ്റവും മികച്ച തിരക്കഥാകൃത്ത്. എന്നെ താങ്കളുടെ ഭാര്യയാക്കി മാറ്റിയതിന് ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. താങ്കൾ തീർച്ചയായും ദൈവ പുത്രനാണ്''- വിരാടിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

TAGS: NEWS 360, SPORTS, VIRATKOHLI, SACHIN TENDULKAR, WORLD CUP INDIA, ANUSHA SHARMA, INDIA, AUSTRALIA, IND VS AUSTRALIA, VIRAT KOHLI RECORDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.