
ആരോഗ്യം ശ്രദ്ധിക്കുന്നവർ ദിവസേന കഴിക്കുന്ന ഭക്ഷണമാണ് മുട്ട. പ്രോട്ടീനും ശരീരത്തിന് ആവശ്യമായ മറ്റ് ധാതുക്കളും അടങ്ങിയിട്ടുള്ളതിനാൽ പ്രായഭേദമന്യേ എല്ലാവരും മുട്ട കഴിക്കാറുണ്ട്. ഇന്ത്യയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കും മുട്ട കയറ്റുമതി ചെയ്യാറുണ്ട്. എന്നാൽ, അടുത്തിടെയാണ് ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള മുട്ട ഇറക്കുമതി സൗദി അറേബ്യ പൂർണമായും നിരോധിച്ചത്. മാത്രമല്ല, ഓസ്‌ട്രേലിയ, അമേരിക്ക, ഇറ്റലി, ബെൽജിയം, ഭൂട്ടാൻ തുടങ്ങിയ 16 രാജ്യങ്ങളിൽ നിന്ന് ഭാഗികമായും മുട്ട ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. ഇവിടത്തെ ചില സംസ്ഥാനങ്ങളെയും നഗരങ്ങളെയുമാണ് ഒഴിവാക്കിയിരിക്കുന്നത്.
നിരോധനം
ഇന്ത്യ, അഫ്ഗാനിസ്ഥാൻ, അസർബൈജാൻ, ജർമനി, ഇന്തോനേഷ്യ, ഇറാൻ, ബോസ്നിയ, ഹെർസഗോവിന, ബൾഗേറിയ, ബംഗ്ലാദേശ്, തായ്‌വാൻ, ജിബൂട്ടി, ദക്ഷിണാഫ്രിക്ക, ചൈന, ഇറാഖ്, ഘാന, പാലസ്തീൻ, വിയറ്റ്നാം, കംബോഡിയ, കസാക്കിസ്ഥാൻ, കാമറൂൺ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ലാവോസ്, ലിബിയ, മ്യാൻമർ, യുണൈറ്റഡ് കിംഗ്ഡം, ഈജിപ്ത്, മെക്സിക്കോ, മംഗോളിയ, നേപ്പാൾ, നൈജർ, നൈജീരിയ, ഹോങ്കോംഗ്, ജപ്പാൻ, ബുർക്കിന ഫാസോ, സുഡാൻ, സെർബിയ, സ്ലോവേനിയ, കോട്ട് ഡി ഐവയർ, മോണ്ടിനെഗ്രോ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കാണ് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

പൊതുജനാരോഗ്യവും ആഭ്യന്തര ഭക്ഷ്യ വിതരണ ശൃംഖലയും സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്‌എഫ്‌ഡിഎ) നിരോധനം പ്രഖ്യാപിച്ചത്. സൗദി അറേബ്യയിലേക്ക് പകർച്ചവ്യാധികൾ പ്രവേശിക്കുന്നത് തടയുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള രാജ്യത്തിന്റെ കർശനമായ ബയോസെക്യൂരിറ്റി പ്രോട്ടോക്കോളുകളുടെ ഭാഗമാണ് ഈ നീക്കം.
അന്താരാഷ്‌ട്ര രോഗ നിരീക്ഷണ റിപ്പോർട്ടുകളുടെയും അപകടസാദ്ധ്യത വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് 40 രാജ്യങ്ങളെ നിരോധിച്ചതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. പ്രധാനമായും പക്ഷിപ്പനിയാണ് ഇതിന് കാരണം. പക്ഷിപ്പനി മറ്റ് മൃഗങ്ങൾക്കും അപകടമുണ്ടാക്കിയേക്കാം എന്നതാണ് സൗദി അറേബ്യ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണം. 2004 മുതലാണ് ഇത്തരം നിരോധനങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുള്ളത്.
ഒഴിവാക്കിയ ഉൽപ്പന്നങ്ങൾ
ചൂട് ഉപയോഗിച്ച് സംസ്‌കരിച്ച ഉൽപ്പന്നങ്ങളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് സൗദി അറേബ്യൻ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഇവയ്‌ക്ക് സാധുവായ വെറ്ററിനറി ഹെൽത്ത് സർട്ടിഫിക്കറ്റുകളും ആവശ്യമാണ്. കയറ്റുമതി ചെയ്യുന്ന രാജ്യത്തിൽ നിന്നുള്ള ഔദ്യോഗിക സർട്ടിഫിക്കേഷനും ആവശ്യമാണ്. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് സംരക്ഷണം ഉറപ്പുവരുത്തുന്ന സൗദി അറേബ്യ മുമ്പും പലപ്പോഴായി ഉൽപ്പന്നങ്ങളുടെ ഇറക്കുമതി താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സൗദി വിപണിയെ വളരെയധികം ആശ്രയിച്ചിരുന്ന കയറ്റുമതിക്കാർക്ക് ഇത് വലിയ തിരിച്ചടിയായിട്ടുണ്ടെന്ന് വ്യവസായ വിദഗ്ദ്ധർ പറയുന്നു.

ഭാഗിക നിയന്ത്രണം
16 രാജ്യങ്ങളിലാണ് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടത്തെ പ്രത്യേക പ്രവിശ്യകളെയും നഗരങ്ങളെയും ലക്ഷ്യംവച്ചുള്ളതാണ് നിയന്ത്രണം. ഇതിൽ ഓസ്‌ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇറ്റലി, ബെൽജിയം, ഭൂട്ടാൻ, പോളണ്ട്, ടോഗോ, ഡെൻമാർക്ക്, റൊമാനിയ, സിംബാബ്‌വെ, ഫ്രാൻസ്, ഫിലിപ്പീൻസ്, കാനഡ, മലേഷ്യ, ഓസ്ട്രിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നുണ്ട്.
ലോകം മുഴുവൻ ആശങ്ക
പക്ഷിപ്പനിയെക്കുറിച്ചുള്ള ആഗോള ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യയുടെ ഇറക്കുമതി നിയന്ത്രണങ്ങൾ വന്നിരിക്കുന്നത്. 2003 മുതലാണ് പക്ഷികളിൽ, പ്രത്യേകിച്ച് വളർത്തുപക്ഷികളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. പ്രത്യേകിച്ച് തെക്കുകിഴക്കൻ ഏഷ്യയിൽ ഇപ്പോൾ ആഫ്രിക്കയുടെയും യൂറോപ്പിന്റെയും ചില ഭാഗങ്ങളെയും ഇത് ബാധിച്ചിട്ടുണ്ട്. നിലവിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌തിട്ടില്ലാത്ത രാജ്യങ്ങളിലും പക്ഷിപ്പനി വരാനുള്ള സാദ്ധ്യത ഏറെയാണെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |