
മുംബയ്: 2026 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് വൈസ് ക്യാപ്ടൻ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മത്സരങ്ങളിലെ മോശം പ്രകടനവും പരിക്കുമാണ് ഗില്ലിനെ ഒഴിവാക്കാൻ പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്. ഇപ്പോഴിതാ, ഗില്ലിനെ ടീമിൽ നിന്ന് ഒഴിവാക്കിയതിൽ തനിക്ക് ആശ്ചര്യം തോന്നുകയാണെന്ന് തുറന്ന് പറയുകയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ താരമായിരുന്ന സുനിൽ ഗവാസ്‌കർ. സ്റ്റാർ സ്‌പോർട്സിനോട് സംസാരിക്കവെയാണ് ഗവാസ്‌കർ തന്റെ നിലപാട് വ്യക്തമാക്കിയത്.
എന്നെ സംബന്ധിച്ചിടത്തോളം ഗില്ലിനെ ഒഴിവാക്കിയതിൽ ആശ്ചര്യമാണ് തോന്നുന്നത്. കഴിഞ്ഞ ലോകകപ്പിന് ശേഷം മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചില മത്സരങ്ങളിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടത് സത്യമാണ്. പക്ഷേ ഫോം താൽക്കാലികമായി സംഭവിക്കുന്ന കാര്യമാണ്. ക്ലാസ് സ്ഥിരമാണെന്നും ഓർക്കണം,' ഗവാസ്‌കർ പറഞ്ഞു. ടെസ്റ്റ്, ഏകദിന മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ട്വന്റി20 ഫോർമാറ്റിൽ ഗില്ലിന് സ്ഥിരത കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഗവാസ്‌കർ നിരീക്ഷിച്ചു.

'കുറേക്കാലം ട്വന്റി-20 കളിക്കാതിരുന്നിട്ടാണ് അദ്ദേഹം തിരിച്ചുവന്നത്. അതിനാൽ പഴയ ഫോമിലേക്ക് തിരിച്ചെത്താൻ ഗില്ലിന് കഴിഞ്ഞില്ല. തുടക്കത്തിൽ ആക്രമിച്ച് കളിക്കേണ്ടിടത്ത് താളം തെറ്റിയാൽ പിന്നെ തിരിച്ചുപിടിക്കാൻ പാടാണ് പ്രത്യേകിച്ച് ട്വന്റി20 ഫോർമാറ്റുകളിൽ. ഗില്ലിന്റെ ശൈലി ടെസ്റ്റ് ക്രിക്കറ്റിനാണ് കൂടുതൽ ചേരുന്നത്.' ഗവാസ്‌കർ പറഞ്ഞു.
2025 ഏഷ്യാ കപ്പിന് മുൻപ് ഏകദേശം ഒരു വർഷത്തോളമാണ് ഗിൽ ട്വന്റി20 ടീമിൽ നിന്ന് വിട്ടുനിന്നിരുന്നത്. ഈ കാലയളവിൽ മലയാളി താരം സഞ്ജു സാംസണെപ്പോലെയുള്ള താരങ്ങൾ ഓപ്പണർ സ്ഥാനത്ത് മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ടെസ്റ്റിലും ഏകദിനത്തിലും ക്യാപ്ടനായി നിയമിക്കപ്പെട്ടതോടെ ട്വന്റി-20യിലും അതേ സ്ഥാനത്ത് എത്തുമെന്ന് കരുതിയിരുന്നെങ്കിലും സമീപകാലത്തെ മോശം പ്രകടനം ബിസിസിഐയെ മാറ്റി ചിന്തിപ്പിക്കുകയായിരുന്നു. ഇന്ത്യൻ മണ്ണിൽ നടക്കുന്ന 2026 ലോകകപ്പിന് മുന്നോടിയായി ടീമിനെ ഉടച്ചുവാർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗില്ലിനെ ഒഴിവാക്കുകയെന്ന ബിസിസിഐയുടെ കടുത്ത നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |