
സോൾ: പലരുടെയും ഉറക്കംകെടുത്തുന്ന വിഷയമാണ് തലയിലെ മുടികൊഴിച്ചിൽ. ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ പാടേ തകർക്കാൻ ഒരു പക്ഷേ മുടികൊഴിച്ചിൽ കാരണമായേക്കാം. മുടികൊഴിച്ചിലിനെ ഗുരുതര ആരോഗ്യ പ്രശ്നമായി സർക്കാർ കണക്കാക്കാറില്ല. എന്നാൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുങ്ങ് മുടികൊഴിച്ചിലിനേയും കഷണ്ടിയേയും 'അതിജീവനത്തിന്റെ പ്രശ്നം" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
മുടികൊഴിച്ചിലിനുള്ള വൈദ്യ ചികിത്സകൾ ദേശീയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ പരിധിയിൽ വരുത്തണമെന്നും അദ്ദേഹം ശുപാർശ ചെയ്തു. സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. മുടികൊഴിച്ചിലിനുള്ള ചികിത്സയെ സൗന്ദര്യ വർദ്ധക മാർഗ്ഗങ്ങളുടെ ഗണത്തിൽപ്പെടുത്തരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്യാൻസർ പോലുള്ള ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട മുടികൊഴിച്ചിൽ ചികിത്സകൾക്ക് രാജ്യത്തെ ഇൻഷ്വറൻസ് പദ്ധതിയിൽ കവറേജ് നൽകുന്നുണ്ട്. എന്നാൽ ജീവന് ഭീഷണിയല്ലാത്തതിനാൽ പാരമ്പര്യമായി മുടി കൊഴിച്ചിലുള്ളവർക്കും മറ്റും ഈ ആനുകൂല്യം ലഭിക്കില്ല.
കർശനമായ സൗന്ദര്യ മാനദണ്ഡങ്ങൾ പിന്തുടരുന്നവരുടെ രാജ്യമായാണ് ദക്ഷിണ കൊറിയ അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം 2,40,000 പേർ മുടികൊഴിച്ചിൽ ചികിത്സയ്ക്കായി രാജ്യത്തെ ആശുപത്രികളിലെത്തിയെന്നാണ് കണക്ക്. ഏതായാലും മ്യുങ്ങിന്റെ ശുപാർശയെ അനുകൂലിച്ചും എതിർത്തും രാജ്യത്ത് ചർച്ച തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |