
റായ്പൂര്‍: രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. കിവീസ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം വെറും 15.2 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. അതിവേഗ അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരുടെ മാസ്മരിക ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പത്തിലാക്കിയത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.
209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ സഞ്ജുവിന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. നാല് പന്തുകളില്‍ നിന്ന ആറ് റണ്‍സ് മാത്രമായിരുന്നു മലയാളി വിക്കറ്റ് കീപ്പറുടെ സമ്പാദ്യം. റണ്ണൊന്നുമെടുക്കാതെ നില്‍ക്കവെ ഡീപ് ഫൈന്‍ ലെഗില്‍ സഞ്ജു നല്‍കിയ അവസരം ഡെവോണ്‍ കോണ്‍വേയുടെ കൈയില്‍ നിന്ന് വഴുതി ലഭിച്ച സിക്‌സര്‍ മാത്രമായിരുന്നു ആകെ കിട്ടിയത്. എന്നാല്‍ ഭാഗ്യം ഒരിക്കല്‍ തുണച്ചത് മുതലാക്കാന്‍ താരത്തിന് കഴിഞ്ഞില്ല. അഭിഷേക് ശര്‍മ്മ റണ്ണൊന്നുമെടുക്കാതെ മടങ്ങിയപ്പോള്‍ 6-2 എന്ന നിലയില്‍ ഇന്ത്യ പതറി.
അവിടെ നിന്നായിരുന്നു ഇഷാന്‍ കിഷന്‍ 76(32) - സൂര്യകുമാര്‍ യാദവ് 82*(37) സഖ്യം വിശ്വരൂപം പുറത്തെടുത്തത്. 48 പന്തുകളില്‍ നിന്ന് 122 റണ്‍സ് കൂട്ടുകെട്ടാണ് സ്‌കോര്‍ബോര്‍ഡിലേക്ക് സഖ്യം സമ്മാനിച്ചത്. ഇഷാന്‍ പുറത്തായതിന് ശേഷം ക്രീസിലെത്തിയ ശിവം ദൂബെയും ബാറ്റിംഗില്‍ താളം കണ്ടെത്തിയപ്പോള്‍ കിവീസിന് രക്ഷയുണ്ടായിരുന്നില്ല. ഇഷാന്‍ കിഷന്‍ 11 ബൗണ്ടറികളും നാല് സിക്‌സറുകളും പായിച്ചപ്പോള്‍ നായകന്റെ ബാറ്റില്‍ നിന്ന് ഒമ്പത് ബൗണ്ടറികളും നാല് സിക്‌സറുകളും പിറന്നു. ശിവം ദൂബെ 36*(18) പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടി. ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വേ 19(9), ടിം സീഫെര്‍ട്ട് 24(13) എന്നിവര്‍ വേഗത്തിലുള്ള തുടക്കമാണ് സമ്മാനിച്ചത്. 3.2 ഓവറില്‍ 43 റണ്‍സ് ആണ് സഖ്യം നേടിയത്. പിന്നീട് വന്ന രചിന്‍ രവീന്ദ്ര 44(26), ഗ്ലെന്‍ ഫിലിപ്സ് 19(13) റണ്‍സ് വീതം നേടി. തകര്‍പ്പന്‍ ഫോമിലുള്ള ഡാരില്‍ മിച്ചല്‍ 18(11) റണ്‍സ് നേടി പുറത്തായത് കിവീസ് ഇന്നിംഗ്സിന്റെ വേഗം കുറച്ചു. മാര്‍ക് ചാപ്മാന്‍ 10(13) റണ്‍സ് മാത്രമേ നേടിയുള്ളൂ. 11.2 ഓവറില്‍ 125ന് മൂന്ന് എന്ന ശക്തമായ നിലയില്‍ നിന്ന് കിവീസ് 17 ഓവര്‍ പിന്നിട്ടപ്പോള്‍ 161ന് ആറ് എന്ന നിലയിലേക്ക് വീണു.
എന്നാല്‍ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ നടത്തിയ മികച്ച ബാറ്റിംഗ് പ്രകടനം ആണ് മികച്ച സ്‌കോറിലേക്ക് കിവീസിനെ എത്തിച്ചത്. പുറത്താകാതെ നിന്ന നായകന്‍ 27 പന്തുകളില്‍ നിന്ന് 47 റണ്‍സ് നേടി ടോപ് സ്‌കോറര്‍ ആയി. സാക്കറി ഫോക്സ് 15*(8) സാന്റ്നര്‍ക്കൊപ്പം പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, ശിവം ദൂബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |