
ബുലവായോ: ഐസിസി അണ്ടർ19 ലോകകപ്പിലെ സൂപ്പർ സിക്സ് പോരാട്ടത്തിന് മുന്നോടിയായി ടോസിനായി എത്തിയ ഇന്ത്യൻ നായകൻ ആയുഷ് മാത്രെയും പാക് നായകൻ ഫർഹാൻ യൂസഫും ഹസ്തദാനം ഒഴിവാക്കി. കളി തുടങ്ങുന്നതിന് മുൻപുള്ള കൈകൊടുക്കൽ ചടങ്ങ് ഇല്ലാതെയാണ് ടോസ് നടപടികൾ പൂർത്തിയായത്.
2025ലെ ഏഷ്യാ കപ്പിനിടെ ഇന്ത്യൻ ട്വന്റി-20 നായകൻ സൂര്യകുമാർ യാദവ് പാക് നായകന് ഹസ്തദാനം നൽകാൻ വിസമ്മതിച്ചതോടെയാണ് ഈ രീതിക്ക് തുടക്കമായത്. തുടർന്ന് ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് മത്സരത്തിൽ ഇന്ത്യ എ ടീമും പാകിസ്ഥാൻ ഷഹീൻസുമായി കൈകൊടുത്തിരുന്നില്ല. ഇരു രാജ്യങ്ങൾക്കുമിടയിലെ രാഷ്ട്രീയ പിരിമുറുക്കങ്ങൾ മൈതാനത്തെ പെരുമാറ്റത്തിലും പ്രതിഫലിക്കുന്ന കാഴ്ചയാണിത്.
ടോസ് നേടിയ പാകിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. സൂപ്പർ സിക്സിലെ അവസാന മത്സരമായതിനാൽ ഇരു ടീമുകൾക്കും സെമിയിലെത്താൻ വിജയം അനിവാര്യമാണ്. ഗ്രൂപ്പ് രണ്ടിൽ നിന്ന് ഇംഗ്ലണ്ട് ഇതിനോടകം സെമി ഉറപ്പിച്ചു കഴിഞ്ഞു. രണ്ടാമതായി സെമിയിൽ എത്താനുള്ള പോരാട്ടത്തിലാണ് ഇന്ത്യയും പാകിസ്ഥാനും. കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ അനായാസം സെമിയിലെത്താം.
പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള പാകിസ്ഥാന് ഇന്ത്യയെ തോൽപ്പിച്ചാൽ മാത്രമേ റൺ റേറ്റിൽ മുന്നിലെത്തി സെമിയിലെത്താൻ സാധിക്കൂ. ഗ്രൂപ്പ് ഒന്നിൽ നിന്ന് ഓസ്‌ട്രേലിയയും അഫ്ഗാനിസ്ഥാനും സെമിയിൽ പ്രവേശിച്ചു കഴിഞ്ഞു.
ഇന്ത്യ: ആരോൺ ജോർജ്, വൈഭവ് സൂര്യവൻശി, ആയുഷ് മാത്രെ (ക്യാപ്ടൻ), വിഹാൻ മൽഹോത്ര, അഭിജ്ഞാൻ കുണ്ടു (വിക്കറ്റ് കീപ്പർ), വേദാന്ത് ത്രിവേദി, ആർ.എസ്. അംബരീഷ്, കനിഷ്‌ക് ചൗഹാൻ, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ.
പാകിസ്ഥാൻ: ഹംസ സഹൂർ (വിക്കറ്റ് കീപ്പർ), സമീർ മിൻഹാസ്, ഉസ്മാൻ ഖാൻ, അഹമ്മദ് ഹുസൈൻ, ഫർഹാൻ യൂസഫ് (ക്യാപ്ടൻ ), ഹുസൈഫ അഹ്സാൻ, അലി ഹസൻ ബലോച്ച്, അബ്ദുൾ സുബ്ഹാൻ, മുമിൻ ഖമർ, മുഹമ്മദ് സയ്യാം, അലി റാസ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |