
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനം തുടരുന്ന രാജസ്ഥാന്‍ റോയല്‍സ് ആരാധകരെ സംബന്ധിച്ച് അത്ര നല്ല വാര്‍ത്തകളല്ല പുറത്തുവരുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ അടുത്ത മത്സരത്തില്‍ കളിക്കാനായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബംഗളൂരുവിലേക്ക് പോകുന്നില്ലെന്നതാണ് പുതിയ റിപ്പോര്‍ട്ട്. രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ സഞ്ജു പൂര്‍ണമായും ആരോഗ്യവാനായിട്ടില്ല. അതുകൊണ്ട് തന്നെ താരം അടുത്ത മത്സരത്തിലും കളിക്കില്ലെന്ന് ഇപ്പോള്‍ ഉറപ്പായി കഴിഞ്ഞു. ജയ്പൂരില്‍ തന്നെ സഞ്ജു തുടരും. വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം താരത്തിന്റെ പരിക്കിനെ കുറിച്ച് നിരീക്ഷിച്ച് വരികയാണ്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും സഞ്ജു കളിച്ചിരുന്നില്ല. ഈ കളിയില്‍ റിയാന്‍ പരാഗ് ആണ് റോയല്‍സിനെ നയിച്ചത്.
സഞ്ജുവിന്റെ പരിക്ക് എത്ര ഗുരുതരസ്വഭാവമുള്ളതാണെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എത്രകാലത്തെ വിശ്രമം താരത്തിന് വേണ്ടിവരുമെന്നും വ്യക്തമല്ല. സഞ്ജുവിന്റെ അഭാവത്തില്‍ പരാഗ് ടീമിനെ നയിക്കും എന്ന് മാത്രമേ നിലവില്‍ വ്യക്തമാക്കിയിട്ടുള്ളൂ. സീസണ്‍ തുടങ്ങിയപ്പോള്‍ ആദ്യ മത്സരങ്ങളിലും സഞ്ജു പൂര്‍ണമായും പങ്കെടുത്തിരുന്നില്ല. വിക്കറ്റ് കീപ്പിംഗിന് ഫിറ്റ്‌നെസ് തെളിയിക്കാന്‍ കഴിയാതിരുന്ന സമയത്ത് ഇംപാക്ട് പ്ലെയറുടെ റോളില്‍ ബാറ്റിംഗിന് മാത്രമാണ് താരം ഇറങ്ങിയത്.
ഐപിഎല്ലിന് തൊട്ടുമുമ്പ് നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ടി20 മത്സരത്തില്‍ ജോഫ്ര ആര്‍ച്ചറുടെ പന്ത് കൈവിരലില്‍ കൊണ്ട് താരത്തിന് ശസ്ത്രക്രിയ നടത്തുകയും ആഴ്ചകളോളം വിശ്രമം വേണ്ടിവരികയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |