ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പൊരുതി ജയിച്ച് മുൻ ജേതാക്കളായ ലിവർപൂൾ. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം ഡീഗോ ജോട്ടയുടെ ഇരട്ടഗോളുകളിലൂടെ ലിവർപൂൾ 2-0ത്തിന് മുന്നിലെത്തിയെങ്കിലും തിരിച്ചടിച്ച് നോട്ടിംഗ്ഹാം സമനിലയിലാക്കി. എന്നാൽ സൂപ്പർ താരം സലായുടെ ഗോളിലൂടെ ലിവർപൂൾ വിജയിക്കുകയായിരുന്നു.
47-ാം മിനിട്ടിലും 55-ാം മിനിട്ടിലുമായിരുന്നു ജോട്ട ഗോളുകൾ നേടിയത്. 51-ാം മിനിട്ടിൽ നെക്കോ വില്യംസ് നോട്ടിംഗ്ഹാമിന്റെ ആദ്യ ഗോൾ തിരിച്ചടിച്ചു. 67-ാം മിനിട്ടിൽ മോർഗൻ ഗിബ്സ് വൈറ്റാണ് ലിവർപൂളിന്റെ വല വീണ്ടും കുലുക്കിയത്. 70-ാം മിനിട്ടിലായിരുന്നു സലായുടെ വിജയഗോൾ.
ഇതോടെ 31 മത്സരങ്ങളിൽ നിന്ന് 50 പോയിന്റ് തികച്ച ലിവർപൂൾ പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. 32 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുള്ള നോട്ടിംഗ്ഹാം 19-ാം സ്ഥാനത്താണ്. അതേസമയം പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സനലിനെ 20-ാം സ്ഥാനക്കാരായ സതാംപ്ടൺ കഴിഞ്ഞദിവസം 3-3ന് സമനിലയിൽ കുരുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |