ബി.സി.സി.ഐ മുൻ ട്രഷററർ എസ്.കെ നായർ എഴുതുന്നു
ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ച വരദാനമാണ് സച്ചിൻ രമേഷ് ടെൻഡുൽക്കർ. ക്രിക്കറ്റ് കളിക്കാനായി പിറവിയെടുത്ത അവതാരം. തന്റെ ഗെയിമിനെ ഇത്ര ആത്മാർത്ഥതയോടെ ഉപാസിച്ച മറ്റൊരു കളിക്കാരനുണ്ടാവില്ല. 1990കളിലും 2000ങ്ങളിലുമായിരുന്നു സച്ചിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ.ആ സമയത്ത് ബി.സി.സി.ഐ ഭാരവാഹിയായി പ്രവർത്തിക്കാനും സച്ചിനുമായി അടുത്തിടപഴകാനും കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
പണവും പ്രശസ്തിയുമായാൽ വഴിതെറ്റിപ്പോകുന്നവരിൽ നിന്ന് തീർത്തും വ്യത്യസ്തനായിരുന്നു സച്ചിൻ. എല്ലാവരോടും മാന്യമായി പെരുമാറാൻ അദ്ദേഹത്തിന് കഴിഞ്ഞു. സച്ചിന്റെ കരിയറിൽ ഏറെ വേദന നൽകിയതാണ് ടെന്നിസ് എൽബോ അസുഖം.അന്ന് സച്ചിന് ലോകത്ത് എവിടെയുമുള്ള ചികിത്സ നൽകാൻ ബി.സി.സി.ഐ തയ്യാറായിരുന്നു. ചികിത്സയുടെ കാര്യങ്ങൾ അറിയിക്കാനായി സച്ചിനെ ഫോൺ ചെയ്യുമ്പോൾ അദ്ദേഹം മിക്കവാറും ഗ്രൗണ്ടിലായിരിക്കും. വന്നാലുടൻ തിരിച്ചുവിളിച്ച് ഭവ്യതയോടെ സംസാരിച്ചിരുന്ന സച്ചിനെ ഇന്നും ഓർമ്മയുണ്ട്.
സച്ചിന് ഏറ്റവും വലുത് ഇന്ത്യൻ ടീമിന്റെ വിജയമായിരുന്നു.വ്യക്തിഗത നേട്ടങ്ങളിൽ അഭിരമിച്ചിരുന്നില്ല. 1998ലെ ഷാർജാകപ്പിനിടെയായിരുന്നു സച്ചിന്റെ പിറന്നാൾ. അന്ന് ഞാനും ടീമിനൊപ്പമുണ്ടായിരുന്നു. പിറന്നാൾ ഗംഭീരമായി ആഘോഷിക്കാൻ ഞങ്ങൾ ഒരുങ്ങിയെങ്കിലും ഫൈനലും കൂടി കഴിഞ്ഞിട്ട് ആഘോഷിച്ചാൽ മതിയെന്ന് സച്ചിൻ പറഞ്ഞു. തന്റെ പിറന്നാളിനേക്കാൾ സച്ചിന് വലുത് ടീമിന്റെ വിജയമായിരുന്നുവെന്ന് ഇൗ 50-ാം പിറന്നാളിൽ ഒാർക്കുന്നു. കാനഡയിൽ നടന്ന ടൊറന്റോ കപ്പിനിടെ ഇന്ത്യൻ താരങ്ങളെല്ലാം നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോകാൻ പ്ളാനിട്ടിരുന്നു. എന്നാൽ ആ ദിവസത്തിന് തൊട്ടുമുമ്പ് ഇന്ത്യ പാകിസ്ഥാനോട് തോറ്റു. മറ്റുള്ളവർ യാത്രയ്ക്കൊരുങ്ങിയപ്പോൾ സച്ചിൻ പറഞ്ഞു, ഈ മൂഡിൽ യാത്ര ആസ്വദിക്കാൻ തനിക്ക് കഴിയില്ലെന്ന്. അപ്പോൾ മറ്റുള്ളവർക്കും അത് മനസിലായി. ആ യാത്രയേ ഉപേക്ഷിച്ചു. ഇന്ത്യയുടെ ജയമായിരുന്നു സച്ചിന് ഏറ്റവും പ്രധാനം. ടീമിന്റെ തോൽവികൾ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |