നിർണായകമത്സരത്തിൽ ബ്രൈട്ടണോട് 3-0ത്തിന്റെ തോൽവി
ലണ്ടൻ : ഈ സീസണിന്റെ തുടക്കം മുതൽ ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്ന ആഴ്സനൽ പടിക്കൽക്കൊണ്ട് കുടമടച്ചു. കഴിഞ്ഞ ദിവസം ബ്രൈട്ടണോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റതോടെ ആഴ്സനലിന്റെ കിരീടപ്രതീക്ഷകളെല്ലാം അസ്തമിച്ചു. കഴിഞ്ഞമാസമവസാനം ആഴ്സനലിനെ തോൽപ്പിച്ച് മുന്നേറിയ മാഞ്ചസ്റ്റർ സിറ്റിയാണ് ഇപ്പോൾ കിരീടപ്പോരിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നിലുള്ളത്.
മാഞ്ചസ്റ്റർ സിറ്റി ഇനിയുള്ള മത്സരങ്ങളിൽ തോറ്റാലെങ്കിലും കിരീടം തങ്ങൾക്ക് കിട്ടണമെങ്കിൽ ജയിച്ചേ മതിയാകൂ എന്ന അവസ്ഥയിലായിരുന്ന ആഴ്സനലിന് സ്വന്തം തട്ടകത്തിൽവച്ചാണ് ബ്രൈട്ടന്റെ കയ്യിൽ നിന്ന് തട്ടുകിട്ടിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 51-ാം മിനിട്ടിൽ ജൂലിയോ എൻസിസോ,86-ാം മിനിട്ടിൽ ഡെനിസ് ഉൻദാവ്,90+6-ാംമിനിട്ടിൽ പെർവിസ് എന്നിവർ ചേർന്നാണ് ആഴ്സനലിനെ സങ്കടത്തിലാഴ്ത്തിയത്.
ഈ തോൽവിയോടെ 36 കളികളിൽ നിന്ന് ആഴ്സനലിന് 81 പോയിന്റായി.35 മത്സരങ്ങളിൽ നിന്ന് 85 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു കളികൂടി ജയിച്ചാൽ കിരീടത്തിലെത്താം. അതേസമയം സിറ്റി ഇനിയുള്ള മൂന്ന് കളികളും തോറ്റാലേ ആഴ്സനലിന് പ്രതീക്ഷയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |