ഒന്നാം ടെസ്റ്റ്: റിഷഭ് പന്തിനും ശുഭ്മാൻ ഗില്ലിനും സെഞ്ച്വറി,
ഇന്ത്യയ്ക്ക് ജയിക്കാൻ 6 വിക്കറ്റ് കൂടി വേണം
ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ട് ദിവസം ശേഷിക്കെ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 6 വിക്കറ്റ് മാത്രം. ഇന്ത്യ ഉയർത്തിയ 515 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ലാദേശ് വെളിച്ചക്കുറവ് മൂലം മൂന്നാം ദിനമായ ഇന്നലെ നേരത്തേ കളി നിറുത്തുമ്പോൾ 158/4 എന്ന നിലയിലാണ്.അശ്വിൻ 3 വിക്കറ്റ് വീഴ്ത്തി. ആറ് വിക്കറ്റ് കൈയിലിരിക്കെ ബംഗ്ലാദേശിന് ജയിക്കാൻ 357 റൺസ് കൂടി വേണം.
ഒന്നര വർഷത്തിനേ ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തരിച്ചുവരവ് നൂറടിച്ച് ആഘോഷിച്ച റിഷഭ് പന്തിന്റെയും (109), ഫോമിലേക്ക് തിരിച്ചെത്തിയ ശുഭ്‌മാൻ ഗില്ലിന്റെയും (പുറത്താകാതെ 119) തകർപ്പൻ സെഞ്ച്വറികളുടെ മികവിൽ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 287/4 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.
സൂപ്പർ പന്ത്, ഗില്ല്
രാവിലെ 81/3 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യയെ ഗില്ലും പന്തും കൂടി പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോയി. നാലാം വിക്കറ്റിൽ ഇരുവരും 167 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. പന്താണ് ആദ്യം സെഞ്ച്വറി തികച്ചത്. വ്യക്തിഗത 72ൽ വച്ച് പന്ത് നൽകിയ ക്യാച്ച് ബംഗ്ലാദേശ് ക്യാപ്ടൻ നജ്മുൽ സൊസ്സൈൻ ഷാന്റെ വിട്ടുകളഞ്ഞിരുന്നു. 13 ഫോറും 4 സിക്സും ഉൾപ്പെടെ 128 പന്തിലാണ് പന്ത് 109 റൺസ് നേടിയത്. സെഞ്ച്വറി പൂർത്തിയാക്കി അധികം വൈകാതെ പന്തിനെ മെഹിദി ഹസൻ സ്വന്തം ബൗളിംഗിൽ പിടികൂടി പുറത്താക്കി. പകരം രാഹുലെത്തി. അധികം വൈകാതെ ഗില്ല് കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കി. നാലോവറിന് ശേഷം ക്യാപ്ടൻ രോഹിത് ഇന്ത്യൻ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു. 176 പന്ത് നേരിട്ട ഗിൽ 10 ഫോറും 4 സിക്സും നേടി. രാഹുൽ 22 റൺസുമായി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി മെഹിദി 2 വിക്കറ്റ് വീഴ്ത്തി.
ബാളുകൊണ്ടും അശ്വിൻ
ഇന്ത്യ ഉയർത്തിയ വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശിന് സാകിർ ഹസ്സനും (33), ഷാദ്‌മാൻ ഇസ്ലാമും (35) മികച്ചതുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 62 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഹസനെ പുറത്താക്കി ബുംറയാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടർന്ന് ഇസ്ലാമിനേയും മോമിനുൾ ഹഖിനെയും (13), മുഷ്ഫിഖുർ റഹിമിനെയും (13) പുറത്താക്കി അശ്വിൻ കളി ഇന്ത്യയുടെ കൈയിൽ ആക്കുകയായിരുന്നു. അർദ്ധ സെഞ്ച്വറി തികച്ച് ഷാന്റെയും (51) 5 റൺസുമായി ഷാക്കുബുൽ ഹസനുമാണ് കളി നിറുത്തുമ്പോൾ ക്രീസിലുള്ളത്. 9 ഓവർ കൂടി ബാക്കിയിരിക്കെയാണ് വെളിച്ചക്കുറവ് മൂലം മത്സരം ഇന്നലെ അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |