പൂനെ: കേരളവും ജമ്മു കശ്‌മീരും തമ്മിലുള്ള രഞ്ജി ട്രോഫി ക്വാർട്ടർ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിംഗ്‌സിൽ മികച്ച ഫോമിലേക്കുയർന്ന കശ്‌മീർ ഉയർത്തിയ 399 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ കേരളം നാലാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 100/2 എന്ന നിലയിലാണ്. ഒരുദിവസവും 8 വിക്കറ്റും കൈയിലിരിക്കേ കേരളത്തിന് ജയിക്കാൻ 299 റൺസ് കൂടി വേണം. മത്സരം സമനിലയിൽ അവസാനിച്ചാലും ആദ്യ ഇന്നിംഗ്‌സ് ലീഡിന്റെ മികവിൽ കേരളത്തിന് സെമിയിലേക്ക് മുന്നേറാം. നേരത്തെ ജമ്മു കശ്മീർ രണ്ടാം ഇന്നിങ്സ് ഒൻപത് വിക്കറ്റിന് 399 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. സ്കോർ: ജമ്മു 280/10, 399/9 ഡിക്ലയേർഡ്, കേരളം 281/10, 100/2.
ക്യാപ്‌ടൻ പരസ് ദോഗ്രയുടെ (132) സെഞ്ച്വറിയാണ് രണ്ടാം ഇന്നിംഗ്‌സിൽ ജമ്മു കശ്മീരിന് മുതൽക്കൂട്ടായത്. നാലാം വിക്കറ്റിൽ കനയ്യ വധാവനൊപ്പം (64) 146 റൺസും അഞ്ചാം വിക്കറ്റിൽ സാഹിൽ ലോത്റയ്‌ക്കൊപ്പം (56) 50 റൺസും കൂട്ടിച്ചേർത്ത പരസ് ദോഗ്രയുടെ ഉത്തരവാദിത്തത്തോടെയുള്ള ഇന്നിംഗ്‌സാണ് കശ്മീരിനെ മികച്ച സ്‌കോറിലെത്തിച്ചത്. പരസ് ദോഗ്റയെ ആദിത്യ സർവാടെയാണ് പുറത്താക്കിയത്. 28 റൺസെടുത്ത ലോൺ നാസിർ മുസാഫർ, 27 റൺസുമായി പുറത്താകാതെ നിന്ന യുധ്‌വീർ സിംഗ് എന്നിവരും കശ്മീരിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചു. 4 വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം.ഡിയാണ് കേരള ബൗളിംഗ് നിരയിൽ കൂടുതൽ തിളങ്ങിയത്. ബേസിൽ എൻ.പിയും ആദിത്യ സർവാടെയും രണ്ട് വിക്കറ്റ് വീതവും ജലജ് സക്‌സേന ഒരു വിക്കറ്റും വീഴ്ത്തി.
തുടർന്ന രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാർ ഭേദപ്പെട്ട തുടക്കമാണ് നല്കിയത്. രോഹൻ കുന്നുമ്മലും (36) അക്ഷയ് ചന്ദ്രനും (പുറത്താകാതെ 32) ചേർത്ത് ഓപ്പണിംഗ് വിക്കറ്റിൽ 54 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ രോഹനെയും ഷോൺ റോജറെയും (6) അടുത്തടുത്ത ഇടവേളകളിൽ പുറത്താക്കി യുധ്‌വീർ സിംഗ് കേരളത്തെ സമ്മർദ്ദത്തിലാക്കി. തുടർന്നെത്തിയ സച്ചിൻ ബേബിയും (പുറത്താകാതെ 19) അക്ഷയ് ചന്ദ്രനും ചേർന്ന് കൂടുതൽ വിക്കറ്റുകൾ നഷ്ടമാകാതെ നാലാം ദിവസത്തെ കളി അവസാനിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |