ക്വാർട്ടർ ഫൈനലിൽ ഇഗ ഷ്വാംടെക്കിനെ തോൽപ്പിച്ച് അമാൻഡ അനിസിമോവ
വിംബിൾഡൺ ഫൈനൽ തോൽവിക്ക് അമാൻഡയുടെ പ്രതികാരം
യാന്നിക്ക് സിന്നർ, നവോമി ഒസാക്ക,ഓഗർ അലിയാസിമെ സെമിയിൽ
ന്യൂയോർക്ക് : ഒന്നരമാസം മുമ്പ് വിംബിൾഡൺ ടെന്നിസിന്റെ ഫൈനലിൽ തന്നെ തറപറ്റിച്ച ലോക ഒന്നാം നമ്പർ താരം ഇഗ ഷ്വാംടെക്കിനോടുള്ള പ്രതികാരം യു.എസ് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ തീർത്ത് അമേരിക്കൻ താരം അമാൻഡ അനിസിമോവ.കഴിഞ്ഞരാത്രി നടന്ന ക്വാർട്ടർ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു അമാൻഡയുടെ വിജയം. സ്കോർ : 6-4,6-3. ഒരു മണിക്കൂർ 36 മിനിട്ട് നീണ്ട മത്സരത്തിൽ ഇഗയുടെ മുന്നേറ്റത്തിന് കടുത്ത പ്രതിരോധം തീർത്ത അമാൻഡ കഴിഞ്ഞ തോൽവിയുടെ പാഠങ്ങൾ ശരിക്കും പഠിച്ചാണ് ഇത്തവണ കളിച്ചത്.വിംബിൾഡൺ ഫൈനലിൽ 6-0,6-0 എന്ന സ്കോറിനായിരുന്നു അമാൻഡയുടെ തോൽവി.
ഇത് മൂന്നാം തവണയാണ് അമാൻഡ ഒരു ഗ്രാൻസ്ളാം സെമി ഫൈനലിലെത്തുന്നത്. 2019ലെ ഫ്രഞ്ച് ഓപ്പണിലായിരുന്നു ആദ്യം. പിന്നീട് ഇത്തവണ വിംബിൾഡണിന്റെ ഫൈനൽവരെയെത്തി.2022ലെ യു.എസ് ഓപ്പൺ വിന്നറാണ് ഇഗ.ഈ സീസണിൽ ഓസ്ട്രേലിയൻ ഓപ്പണും വിംബിൾഡണും നേടിയത് ഇഗയാണ്.
നാലുഗ്രാൻസ്ളാം കിരീടങ്ങൾക്കുടമയായ മുൻ ലോക ഒന്നാം നമ്പർതാരം നവോമി ഒസാക്കയും ഇക്കുറി യു.എസ് ഓപ്പണിന്റെ സെമിഫൈനലിൽ എത്തിയിട്ടുണ്ട്. ചെക്ക് റിപ്പബ്ളിക്കിന്റെ താരമായ കരോളിന മുച്ചോവയെ ഒരു മണിക്കൂർ 49 മിനിട്ട് നീണ്ട പോരാട്ടത്തിൽ 6-4,7-6(7/3) എന്ന സ്കോറിനാണ് നവോമി കീഴടക്കിയത്. ഇതോടെ ഗ്രാൻസ്ളാം ടൂർണമെന്റുകളുടെ ക്വാർട്ടറിൽ തോറ്റിട്ടില്ലെന്ന തന്റെ റെക്കാഡ് നവോമി കാത്തുസൂക്ഷിച്ചു.
പുരുഷ സിംഗിൾസിൽ ടോപ്‌സീഡ് ഇറ്റാലിയൻ താരം യാന്നിക്ക് സിന്നർ ക്വാർട്ടർ ഫൈനലിൽ 10-ാം സീഡായ സ്വന്തം നാട്ടുകാരൻ ലോറൻസോ മുസേറ്റിയെ 6-1,6-4,6-2 എന്ന സ്കോറിന് തോൽപ്പിച്ച് സെമിയിലെത്തി. ഒരു ഗ്രാൻസ്ളാം ക്വാർട്ടർ ഫൈനലിൽ ആദ്യമായി ഇറ്റാലിയൻ താരങ്ങൾ ഏറ്റുമുട്ടിയ മത്സരമായിരുന്നു ഇത്. രണ്ട് മണിക്കൂർ കൊണ്ടായിരുന്നു സിന്നറുടെ ജയം. സിന്നറുടെ തുടർച്ചയായ അഞ്ചാം ഗ്രാൻസ്ളാം സെമിഫൈനലാണിത്. ഓഗർ അലിയാസിമയ്ക്ക് എതിരായ സെമിയിൽ വിജയിച്ചാൽ ഈ സീസണിലെ നാലു ഗ്രാൻസ്ളാമുകളിലും ഫൈനലിലെത്തിയ താരമെന്ന റെക്കാഡ് സിന്നർക്ക് സ്വന്തമാകും.
നാലുമണിക്കൂർ 10 മിനിട്ട് നീണ്ട മാരത്തോൺ ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയൻ താരം അലക്സ് ഡി മിനായുറിനെ 4-6,7-6(9/7),7-5,7-6(7/4) എന്ന സ്കോറിനാണ് ഓഗർ അലിയാസിമ കീഴടക്കിയത്.ഓഗറുടെ രണ്ടാം ഗ്രാൻസ്ളാം സെമിയാണിത്. 2021ലെ യു.എസ് ഓപ്പണിലാണ് ആദ്യമായി സെമിയിൽ കളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |