100 മീറ്റർ വനിതാ ചാമ്പ്യനായി അമേരിക്കൻ താരം മെലിസ ജെഫേഴ്സൺ വൂഡൻ
100 മീറ്റർ പുരുഷ ചാമ്പ്യനായി ജമൈക്കൻ താരം ഒബ്ളീക് സെവിൽ
10.61 സെക്കൻഡ്
ചാമ്പ്യൻഷിപ്പ് റെക്കാഡ്
ലോകത്തെ ഏറ്റവും വേഗമേറിയ നാലാമത്തെ വനിത
9.77 സെക്കൻഡ്
ഒബ്ളിക് സെവിൽ ഫിനിഷ് ചെയ്ത സമയം
ടോക്യോ : ലോകത്തെ ഏറ്റവും വേഗമേറിയ പുരുഷ താരമായി ജമൈക്കയുടെ ഒബ്ളിക് സെവിലും വനിതാതാരമായി അമേരിക്കയുടെ മെലിസ ജെഫേഴ്സൺ വൂഡനും. ടോക്യോയിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്നലെ നടന്ന 100 മീറ്റർ മത്സരങ്ങളിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഇവർ വേഗരാജാവും വേഗറാണിയുമായത്.
നിലവിലെ ഒളിമ്പിക് ചാമ്പ്യൻ ജൂലിയൻ ആൽഫ്രഡിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അമേരിക്കൻ സ്പ്രിന്റർ മെലിസ ജെഫേഴ്സൺ വൂഡന്റെ മായാവേഗം. വനിതകളുടെ 100 മീറ്റർ ഫൈനലിൽ 10.61 സെക്കൻഡിൽ ഓടിയെത്തിയ മെലിസ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വേഗമേറിയ വനിതയായാണ് സ്വർണമണിഞ്ഞത്. മെലിസയുടെ മിന്നൽ വേഗത്തിന് മുന്നിൽ നിലവിലെ ലോകചാമ്പ്യൻ ഷക്കാരി റിച്ചാർഡ്സൺ അഞ്ചാം സ്ഥാനത്തേക്കും മുൻ ലോകചാമ്പ്യൻ ഷെല്ലി ആൻ ഫ്രേസർ ആറാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
പാരീസ് ഒളിമ്പിക്സിൽ സ്വർണം നേടിയിരുന്ന ജൂലിയന് പിന്നിൽ മൂന്നാമതായിരുന്ന 24കാരിയായ മെലിസ ഇന്നലെ ടോക്യോയിൽ ജൂലിയന് സമാനവിധി സമ്മാനിക്കുകയായിരുന്നു. തന്റെ പേഴ്സണൽ ബെസ്റ്റായ 10.76 സെക്കൻഡിൽ ഫിനിഷ് ചെയ്ത ജമൈക്കൻ താരം ടിന ക്ളൈറ്റണാണ് വെള്ളി നേടിയത്. ജൂലിയൻ 10.84 സെക്കൻഡിൽ ഓടിയെത്തി വെങ്കലം നേടി.ജമൈക്കയുടെ ഷെരീക്ക ജാക്സൺ (10.88) നാലാം സ്ഥാനത്തും അമേരിക്കയുടെ ഷക്കാരി റിച്ചാർഡ്സൺ (10.94) ഫിനിഷ് ചെയ്തപ്പോൾ അഞ്ച് തവണ ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടുള്ള 38കാരിയായ ഷെല്ലി ആൻ ഫ്രേസർ ആറാം സ്ഥാനത്തായിപ്പോയി. 11.03 സെക്കൻഡിലാണ് ഇന്നലെ ഷെല്ലിക്ക് ഫിനിഷ് ചെയ്യാൻ കഴിഞ്ഞത്. 2022ൽ ഷെല്ലി കുറിച്ച 10.67 സെക്കൻഡിന്റെ ചാമ്പ്യൻഷിപ്പ് റെക്കാഡാണ് ഇന്നലെ മെലിസയ്ക്ക് മുന്നിൽ കടപുഴകിയത്.
9.77 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ബോൾട്ടിന്റെ നാട്ടുകാരനായ ഒബ്ളിക് സെവിൽ പുരുഷ സ്പ്രിന്റ് സ്വർണമണിഞ്ഞത്.ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് പുരുഷ 100 മീറ്ററിലും മൂന്നാമതേക്ക് പിന്തള്ളപ്പെടുന്നതിനും ടോക്യോ സാക്ഷ്യം വഹിച്ചു. നിലവിലെ ലോക ചാമ്പ്യൻകൂടിയായിരുന്ന നോഹ ലെയ്ൽസാണ് 9.89 സെക്കൻഡിൽ ഫിനിഷ് ചെയ്ത് മൂന്നാമതായത്. 9.82 സെക്കൻഡിൽ ഓടിയെത്തിയ ജമൈക്കൻ താരം കിഷാനേ തോംപ്സണാണ് വെള്ളി.
ഗുൽവീർ 16-ാമത്
പുരുഷന്മാരുടെ 10000 മീറ്ററിൽ മത്സരിച്ച ഇന്ത്യൻ താരം ഗുൽവീർ സിംഗ് 16-ാം സ്ഥാനത്തായി. 29 മിനിട്ട് 13.33 സെക്കൻഡിലാണ് ഗുൽവീർ ഫിനിഷ് ചെയ്തത്. 28 മിനിട്ട് 55.77 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഫ്രഞ്ചുകാരൻ ജിമ്മി ഗ്രേഷ്യറിനാണ് സ്വർണം. എത്യോപ്യയുടെ യോമിച് കെലോച്ച (28 മിനിട്ട് 55.83 സെക്കൻഡ്)വെള്ളിയും സ്വീഡന്റെ ആന്ദ്രിയാസ് അൽമെഗ്രൻ (28 മിനിട്ട് 56.02 സെക്കൻഡ്) വെങ്കലവും നേടി.
സർവേഷ് ഫൈനലിൽ
പുരുഷ ഹൈജമ്പിൽ ഇന്ത്യൻ താരം സർവേഷ് കുശാരേ ഫൈനലിലെത്തി. ഇന്നലെ നടന്ന പ്രാഥമിക റൗണ്ടിലെ ഗ്രൂപ്പ് ബി യിൽ മത്സരിച്ച സർവേഷ് 2.25 മീറ്റർ ചാടി ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എ ഗ്രൂപ്പിൽ നിന്നുള്ളവരെയും ചേർത്ത് ഒൻപതാം സ്ഥാനമാണ് സർവേഷിന് . നാളെയാണ് സർവേഷിന്റെ ഫൈനൽ.
വനിതാ ഡിസ്കസിൽ വലേറി
വനിതകളുടെ ഡിസ്കസ് ത്രോയിൽ അമേരിക്കൻ താരം വലേറി അൾമാൻ സ്വർണം നേടി. കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിലും സ്വർണം നേടിയിരുന്ന വലേറിയുടെ ലോക ചാമ്പ്യൻഷിപ്പിലെ ആദ്യ സ്വർണമാണിത്. 69.48 മീറ്ററാണ് വലേറി ടോക്യോയിൽ കണ്ടെത്തിയത്. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിയും അതിനുമുമ്പുള്ള ചാമ്പ്യൻഷിപ്പിൽ വെങ്കലവും വലേറി നേടിയിരുന്നു.
ലോംഗ്ജമ്പിൽ ടാരോദയം
ഇന്നലെ നടന്ന വനിതകളുടെ ലോംഗ്ജമ്പിൽ 7.13 മീറ്റർ ചാടിയ അമേരിക്കൻ താരം ടാര ഡേവിസ് വുഡ്ഹാൾ പൊന്നണിഞ്ഞു. പാരീസ് ഒളിമ്പിക്സിലെ സ്വർണമെഡലിസ്റ്റായ ടാര ആദ്യമായാണ് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്നത്. 6.99 മീറ്റർ ചാടിയ ജർമ്മനിയുടെ മലൈക മിഹാംബോയ്ക്കാണ് വെള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |