
റബാത്ത്: റഫറിയിംഗും ഗോൾ നിഷേധവും വാക്കൗട്ടും പനേൻക പിഴവും സംഘർഷവും... എല്ലാം ചേർന്ന ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയത നിറഞ്ഞ ഫൈനലുകളിലൊന്നിൽ, മൊറോക്കോയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി സെനഗൽ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് കിരീടത്തിൽ മുത്തമിട്ടു. മൊറോക്കോയിലെ റബാത്ത് വേദിയായ ഫൈനലിൽ എക്സ്ട്രാ ടൈമിൽ പെപെ ഗുയേയ നേടിയ ഗോളിലാണ് ആതിഥേയരെ കണ്ണീരിലാക്കി സെനഗൽ അഞ്ച് വർഷത്തിന് ശേഷം ആഫ്രിക്കയുടെ ചാമ്പ്യൻപട്ടം തിരിച്ചു പിടിച്ചത്. നിശ്ചിത സമയത്ത് ഇരുടീമിനും ഗോൾനേടാൻ കഴിയാതിരുന്നതിനെ തുടർന്നാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. അരനൂറ്റാണ്ടിന് ശേഷം ആഫ്രിക്കൻ കിരീടം തിരിച്ചുപിടിക്കാൻ സ്വന്തം നാട്ടുകാർക്ക് മുന്നിലിറങ്ങിയ മൊറോക്കോയ്ക്ക് സുവർണാവസരമായി ഇഞ്ചുറി ടൈമിൽ പെനാൽറ്റി കിക്ക് ലഭിച്ചെങ്കിലും അവരുടെ സൂപ്പർ താരം ബ്രഹിം ഡിയാസ് എടുത്ത പനേൻക കിക്ക് സെനഗൽ ഗോളി എഡ്വാർഡ് മെൻഡി അനായാസം കൈയിലൊതുക്കി.
ജയിച്ചേ തീരൂ എന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇരുടീമും തുടക്കം മുതലേ വൻ ആക്രമണമാണ് പുറത്തെടുത്തത്. സെനഗൽ ഗോളി എഡ്വാർഡോ മെൻഡിയും മൊറോക്കൻ ഷോട്ട് സ്റ്റോപ്പർ ബോണോയും തകർപ്പൻ പ്രകടനമാണ് ക്രോസ് ബാറിന് കീഴിൽ പുറത്തെടുത്ത്.
സംഭവ ബഹുലം
അതിനാടകീയമായിരുന്നു 90 മിനിട്ടിന് ശേഷമുള്ള അധികസമയം മുതലുള്ളകളി. അധിക സമയത്ത് തുടക്കത്തിൽ (90+2) തന്നെ സെനഗലിന്റെ ഇസ്മലിയ സെക്ക് പന്ത് മൊറോക്കോ വലയിലെത്തിച്ചെങ്കിലും റഫറി ഗോൾ നിഷേധിച്ചു. മൊറോക്കോ ഡിഫൻഡർ ഹക്കീമിയെ സെക്ക് ഫൗൾ ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് വാർ പരിശോധനപോലും നടത്താതെ റഫറി ഗോൾ നിഷേധിച്ചത്. അധികം വൈകാതെ (90+7) ബ്രഹിം ഡിയാസിനെ സെനഗലിന്റെ എൽ ഹാദ് ജി മാലിക് ഡിയൂഫ് ഫൗൾ ചെയ്തെന്ന് ചൂണ്ടിക്കാട്ടി റഫറി മൊറോക്കോയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. ഇതിൽ ക്ഷുഭിതരായ സെനഗൽ ടീം റഫറിയോട് കയർത്തു. അവരുടെ കോച്ച് പെപ്പേ തിയാവോ ടീമിനെ തിരികെ വിളിച്ചു. ടീം മൈതാനം വിട്ടു. ഗ്രൗണ്ടിലേക്ക് കടക്കാൻ ശ്രമിച്ച സെനഗൽ ആരാധകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷമുണ്ടായി. ഒടുവിൽ ഇതിഹാസ താരം സാദിയോ മാനേയുടെ ഇടപെടലിലാണ് ഇരുപത് മിനിട്ടുകൾക്ക് ശേഷം സെനഗൽ ടീം മൈതാനത്തേയ്ക്ക് തിരിച്ചെത്തിയത്. പെനാൽറ്റി പനേൻക കിക്കായി എടുത്ത ബ്രഹിം ഡിയാസിനെ നാണം കെടുത്തി സ്ഥാനം മാറാതെ നിന്ന സെനഗൽ ഗോളി പന്ത് അനായാസം കൈപ്പിടിയിലാക്കി. തുടർന്ന് എക്സ്ട്രാ ടൈമിൽ തുടക്കത്തിൽ തന്നെ (94-ാം മിനിട്ട്) മൊറോക്കൻ പ്രതിരോധത്തെ നിഷ്പ്രഭമാക്കി പന്തുമായി മുന്നേറുന്നതിനിടെ തൊടുത്ത ഇടങ്കാലൻ ഷോട്ടിലൂടെ പെപെ സെനഗലിന്റെ വിജയമുറപ്പിക്കുകയായിരുന്നു.
ഫെയർ പ്ലേ
സമ്മാനദാനച്ചടങ്ങിൽ കിരീടമുയത്താൻ സെനഗൽ ക്യാപ്ടൻ കൗലിബാലി അവരുടെ ഇതിഹാസ താരം മാനേയെവിളിച്ചത് കായിക ലോകത്തിന്റഎ കൈയടി നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |