
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഡ്നെതിരെ കേരളത്തിന് ഇന്നിoഗ്സ് തോൽവി. ഇന്നിംഗ്സിനും 92 റൺസിനുമാണ് ചണ്ഡിഗഡിൻ്റെ വിജയം.
277 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം മൂന്നാം ദിനമായ ഇന്നലെ 185 റൺസിന് ഓൾ ഔട്ടായി.
ചണ്ഡിഗഡിന് വേണ്ടി രണ്ട് ഇന്നിംഗ്‌സുകളിലുമായി ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ രോഹിത് ധൻദയാണ് പ്ലെയർ ഓഫ് ദി മാച്ച്.
സ്കോർ: കേരളം 139/10 , 185/10. ചണ്ഡിഗഡ് 416/10.
രണ്ട് വിക്കറ്റിന് 21 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് തുടക്കത്തിലേ പ്രഹരമേറ്റു. സച്ചിൻ ബേബിയും ബാബ അപരാജിത്തും അടുത്തടുത്ത ഓവറുകളിൽ പുറത്തായി. ആറ് റൺസെടുത്ത സച്ചിൻ ബേബിയെ രോഹിത് ധൻദയും, 17 റൺസെടുത്ത ബാബ അപരാജിത്തിനെ ജഗ്ജിത് സിംഗുമാണ് പുറത്താക്കിയത്. വിഷ്ണു വിനോദും (56),
സൽമാൻ നിസാറും (53 ) ചേർന്ന് 63 റൺസ് കൂട്ടിച്ചേർത്തത് കേരളത്തിന് പ്രതീക്ഷ നൽകി. എന്നാൽ ഒരോവറിൽ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ കളിയുടെ വിധി നിശ്ചയിക്കപ്പെട്ടു.
25-ാം ഓവറിലെ ആദ്യ പന്തിൽ വിഷ്ണു വിനോദിനെ പുറത്താക്കിയ രോഹിത് ധൻദ അതേ ഓവറിൽ തന്നെ മുഹമ്മദ് അസറുദ്ദീനെയും (0) അങ്കിത് ശർമ്മയെയും (0) കൂടി മടക്കി. സൽമാൻ നിസാർ ഒരറ്റത്ത് ഒറ്റയാൾ പോരാട്ടവുമായി നിലയുറപ്പിച്ചെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല.
185 റൺസിന് കേരളത്തിന്റെ ഇന്നിംഗ്സ് അവസാനിച്ചു.
ചണ്ഡിഗഡിനായി രോഹിത് ധൻദ നാല് വിക്കറ്റും വിഷു കശ്യപ് മൂന്ന് വിക്കറ്റും വീഴ്ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |