SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.40 PM IST

ഫുട്ബാളിലെ സൗമ്യനായ 'കുട്ടി'

Increase Font Size Decrease Font Size Print Page
ibrahim-kutty-t-k-

കർക്കശക്കാരായ കായിക പരിശീലകർക്കും കായിക ഭരണകർത്താക്കൾക്കുമിടയിൽ സൗമ്യവും ശാന്തവുമായ പെരുമാറ്റംകൊണ്ട് വേറിട്ടുനിന്ന വ്യക്തിത്വമായിരുന്നു കഴിഞ്ഞദിവസം നിര്യാതനായ ടി.കെ. ഇബ്രാഹിം കുട്ടിയുടേത്. പേരിലെ കുട്ടിയെ ജീവിതത്തിലുടനീളം ചേർത്തുപിടിക്കാൻ അദ്ദേഹം ശ്രമിച്ചു. യൂണിവേഴ്സിറ്റി ഫുട്ബാൾ കളിക്കാരനായി തുടങ്ങിയ അദ്ദേഹത്തിന്റെ ജീവിതാന്ത്യം വരെ ചിന്തകളിൽ ഫുട്ബാൾ നിറഞ്ഞുനിന്നു. കോട്ടയത്തെ വീടിനിട്ട പേര് സോക്കർ കോട്ടേജെന്നായിരുന്നു. തിരുവനന്തപുരത്ത് ലുലുമാളിന് എതിരായ ഫ്ളാറ്റിൽ വിശ്രമജീവിതം നയിക്കുമ്പോൾ കേരളത്തിലെ കായികമേഖലയെക്കുറിച്ചായിരുന്നു ആകുലതകൾ.

കാസർകോട്‌ തൃക്കരിപ്പൂർ സ്വദേശിയായ ഇബ്രാഹിം കുട്ടിയെ കോട്ടയത്തുകാരനാക്കി മാറ്റിയത് ബസേലിയസ്‌ കോളേജിൽ ഡിഗ്രി പഠനകാലമാണ്. അന്ന് കെ.എസ്.യു നേതാവായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു ഹോസ്റ്റലിലെ റൂംമേറ്റ്. ഒരേ കുപ്പായം മാറിയി‌ടുന്ന തരത്തിലെ ശക്തമായ സൗഹൃദം. പിന്നീട് തിരുവഞ്ചൂർ കായിക മന്ത്രിയായപ്പോൾ സ്പോർട്സ് കൗൺസിലിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിച്ചത് ഇബ്രാഹിം കുട്ടിയെയായിരുന്നു. 2015ൽ കേരളം ആതിഥ്യം വഹിച്ച ദേശീയ ഗെയിംസിന്റെ നടത്തിപ്പ് എന്ന വലിയ വെല്ലുവിളി ഏറ്റെടുക്കാൻ തിരുവഞ്ചൂരിന് ധൈര്യം പകർന്നതും പഴയ കൂട്ടുകാരനാണ്.

അതിനുമുമ്പുതന്നെ കായികരംഗത്തെ വിവിധ മേഖലകളിൽ തന്റെ കഴിവുകളൊക്കെയും അദ്ദേഹം തെളിയിച്ചിരുന്നു.1969- 70ൽ കേരള സർവകലാശാലയ്ക്കു കളിച്ച ഇബ്രാഹിംകുട്ടി അതിനു മുമ്പ് ബാംഗ്ലൂർ സർവകലാശാലയ്ക്ക് വേണ്ടിയും കളിച്ചു.70-71 ൽ കേരള വാഴ്സിറ്റിയിലെ മികച്ച കളിക്കാരനായി.69 ൽ ഫാക്ടിനും 71-75 ൽ കെ.എസ്.ഇ.ബിക്കും കളിച്ചു.76 ൽ കെ.എസ്.ഇ.ബിയുടെ കോച്ചായി.79 മുതൽ 85 വരെ കേരള സർവകലാശാലാ പരിശീലകനായിരുന്നു. എം.ജി.സർവകലാശാലാ കായിക വകുപ്പ് മേധാവിയായാണ് വിരമിച്ചത്. കോട്ടയം ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ്‌, ത്രോ ബാൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌,​സംസ്ഥാന ഫുട്‌ബാൾ അസോസിയേഷൻ ഭാരവാഹി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.

TAGS: NEWS 360, SPORTS, IBRAHIM KUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY