SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.40 PM IST

മാച്ച് പ്രാക്ടീസിന് ഡച്ചുകാരോട്

Increase Font Size Decrease Font Size Print Page
cricket

ലോകകപ്പിൽ ഇന്ന് ഇന്ത്യയ്ക്ക് അവസാന ഗ്രൂപ്പ് മത്സരം

എതിരാളികൾ നെതർലാൻഡ്സ്, വേദി അഹമ്മദാബാദ്

അഹമ്മദാബാദ് : ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യമൂന്ന് മത്സരങ്ങളും ജയിച്ച് സൂപ്പർ എട്ട് ഉറപ്പാക്കിക്കഴിഞ്ഞ ഇന്ത്യ ഇന്ന് ഗ്രൂപ്പ് റൗണ്ടിലെ അവസാനമത്സരത്തിനിറങ്ങുന്നു. നമീബിയയ്ക്ക് എതിരെ മാത്രം ജയിക്കാൻ കഴിഞ്ഞ നെതർലാൻഡ്സാണ് എതിരാളികൾ. ഡച്ചുകാരുമായുള്ള മത്സരത്തിന് പരിശീലന മത്സരത്തിന്റെ പ്രാധാന്യമേ ഉള്ളൂവെങ്കിലും സൂപ്പർ എട്ടിലെ വെല്ലുവിളികളിലേക്ക് പോകുംമുമ്പ് ടീമിലെ നേരിയ പാകപ്പിഴകൾ പരിഹരിക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്കിത്.

ആദ്യ മത്സരത്തിൽ അമേരിക്കയെ 29 റൺസിനും തുടർന്ന് നമീബിയയെ 93 റൺസിനും തോൽപ്പിച്ച ഇന്ത്യ കഴിഞ്ഞ ദിവസം പാകിസ്ഥാനെ 61 റൺസിന് തകർത്തതിന്റെ വീര്യവുമായാണ് കളത്തിലിറങ്ങുന്നത്. എങ്കിലും ബാറ്റിംഗിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മുൻനിര വിക്കറ്റുകൾ പൊഴിയുന്നതാണ് പ്രധാന പ്രശ്നം. അമേരിക്കയ്ക്ക് എതിരെ 77 റൺസിനിടെ നഷ്ടമായത് ആറുവിക്കറ്റുകളാണ്. സൂര്യയുടെ ഒറ്റയാൻ പോരാട്ടമാണ് മാന്യമായ സ്കോറിലെത്തിച്ചത്. നമീബിയയ്ക്ക് എതിരെ കാര്യമായ വെല്ലുവിളി ഉണ്ടായില്ലെങ്കിലും പാകിസ്ഥാനെതിരെ 200ലധികം സ്കോർ ചെയ്യാനുള്ള അവസരമുണ്ടായിരുന്നു. മികച്ച കൂട്ടുകെട്ടുകൾ സൃഷ്ടിക്കുകയും കൂട്ടായ പരിശ്രമം നടത്തുകയും ചെയ്യുന്ന രീതിയിലേക്ക് ഗെയിംപ്ളാൻ മാറ്റേണ്ടതുണ്ട്.

ഓപ്പണറായി കളിപ്പിച്ച രണ്ട് മത്സരങ്ങളിലും തിളങ്ങാൻ കഴിയാതിരുന്ന അഭിഷേക് ശർമ്മയെ ഓപ്പണറായി ഇറക്കുമോ പ്രാധാന്യമില്ലാത്ത മത്സരമായതിനാൽ സഞ്ജുവിനെ കളിപ്പിക്കുമോ എന്നും ചർച്ചയുണ്ട്. അസുഖമോചിതനായെത്തുന്ന അഭിഷേകിന് ഫോമും ആത്മവിശ്വാസവും വീണ്ടെടുക്കാൻ ഇന്നും അവസരം നൽകാനാണ് സാദ്ധ്യത. സഞ്ജുവിനേക്കാൾ സൂപ്പർ എട്ടിലേക്ക് ഗംഭീർ ആശ്രയിക്കുന്നത് അഭിഷേകിനെയാണ്. ഒരു പക്ഷേ ഇഷാന് വിശ്രമം നൽകി സഞ്ജുവിനെ കളിപ്പിക്കാൻ സാദ്ധ്യതയുണ്ട്. ബൗളിംഗിൽ ബുംറയ്ക്ക് വിശ്രമം നൽകി സിറാജിനെ കളിപ്പിച്ചേക്കും. കുൽദീപിന് പകരം വാഷിംഗ്ടൺ സുന്ദർ എത്താനുമിടയുണ്ട്.

ആദ്യ മത്സരത്തിൽ പാകിസഥാനോട് മൂന്ന് വിക്കറ്റിന് തോറ്റ നെതർലാൻഡ്സ് രണ്ടാം മത്സരത്തിൽ നമീബിയയ്ക്ക് എതിരെ ഏഴുവിക്കറ്റിനാണ് വിജയം കണ്ടത്. എന്നാൽ തുടർന്ന് അമേരിക്കയുമായി 93 റൺസിന് തോൽക്കുകയായിരുന്നു. ബസ് ഡി ലീഡ്, ക്യാപ്ടൻ സ്കോട്ട് എഡ്വാർഡ്സ്, മാക്സ് ഒ ഡൗഡ്, കോളിൻ അക്കർമാൻ,റിയോൾഫ് വാൻഡർ മെർവ്, ലോഗൻ വാൻബീക്ക് തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങൾ ഡച്ച് നിരയിലുണ്ട്.

1-0 2022 ലോകകപ്പിന്റെ ഗ്രൂപ്പ് റൗണ്ടിലായിരുന്നു ഇന്ത്യയും നെതർലാൻഡ്സും തമ്മിൽ ഇതിനുമുമ്പുള്ള ഏക ഏറ്റുമുട്ടൽ. ഇന്ത്യ 56 റൺസിന് ഈ മത്സരം വിജയിച്ചിരുന്നു. സൂര്യ ഈ മത്സരത്തിൽ അർദ്ധസെഞ്ച്വറി നേടിയിരുന്നു.

ടീമുകൾ ഇവരിൽ നിന്ന്

ഇന്ത്യ : സൂര്യകുമാർ യാദവ് (ക്യാപ്ടൻ), അക്ഷർ പട്ടേൽ (വൈസ് ക്യാപ്ടൻ), ഇഷാൻ കിഷൻ ,സഞ്ജു സാംസൺ, അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്,ഹർഷിത് റാണ,കുൽദീപ് യാദവ്, വാഷിംഗ്‌ടൺ സുന്ദർ,വരുൺ ചക്രവർത്തി.

നെതർലാൻഡ്സ് : സ്കോട്ട് എഡ്വാർഡ്സ് (ക്യാപ്ടൻ),ബസ് ഡി ലീഡ്, മാക്സ് ഒ ഡൗഡ്, കോളിൻ അക്കർമാൻ, റിയോൾഫ് വാൻഡർ മെർവ്, ലോഗൻ വാൻബീക്ക്, മൈക്കേൽ ലെവിറ്റ്, സാഷ് ലയൺ കാഷേ, ആര്യൻ ദത്ത്,കൈൽ ക്ളെയ്ൻ,ഫ്രെഡ് ക്ളാസൻ, നോഹ ക്രോയെസ്,സാക്കിബ് സുൽഫിക്കർ, ടിം ഗുട്ടെൻ, പോൾ വാൻ മീക്കെറൻ.

7 pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്‌സ്റ്റാറിലും ലൈവ്

TAGS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY