SignIn
Kerala Kaumudi Online
Tuesday, 03 March 2026 4.20 AM IST

ഇതാണ് നുമ്മ പറഞ്ഞ സഞ്ജു !

Increase Font Size Decrease Font Size Print Page
sanju

ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ ടീമിന്റെ പത്രസമ്മേളനത്തിൽ സഞ്ജു സാംസണിന് അവസരം നൽകുമോ എന്നു ചോദിച്ച പത്രലേഖകനോട് ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് തിരിച്ചുചോദിച്ചത് ഏത് പൊസിഷനിൽ താൻ സഞ്ജുവിനെ കളിപ്പിക്കുമെന്നാണ്. അഭിഷേക് ശർമ്മയുടെ സ്ഥാനത്ത് സഞ്ജുവിനെ കളിപ്പിക്കണമോ?തിലക് വർമ്മയുടെ സ്ഥാനത്ത് കളിപ്പിക്കണമോ എന്നൊക്കെ അൽപ്പം പരിഹാസം കലർന്ന രീതിയിൽ ചോദിച്ച അതേ സൂര്യകുമാർ യാദവാണ് കഴിഞ്ഞ ദിവസം ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെ മലർത്തിയടിച്ച് മടങ്ങിവന്ന സഞ്ജു സാംസണെ തന്റെ തലയിലെ തൊപ്പിയൂരി മുന്നോട്ടുവച്ച് ശിരസ് നമിച്ച് സ്വീകരിച്ചത്.

തള്ളിപ്പറഞ്ഞവരെക്കൊണ്ടുപോലും കയ്യടിപ്പിച്ച സഞ്ജുവിന്റെ ആ ഒറ്റ ഇന്നിംഗ്സ്, 50 പന്തുകളിൽ 12 ബൗണ്ടറികളുടേയും നാലു സിക്സുകളുടേയും അകമ്പടിയോടെ പുറത്താകാതെ നേടിയ 97 റൺസ്, ചരിത്രത്തിൽ അടയാളപ്പെടുത്തുക സുവർണ ലിപികളിലാണ്. ഒരു പതിറ്റാണ്ടിലേറെയായി സഞ്ജുവിൽ നിന്ന് ആരാധകർ കാത്തിരുന്നത് ഇതുപോലൊരു ഇന്നിംഗ്സിനായാണ്. പേരെടുത്ത പ്രതിഭകൾ പലരും പോരിനിടെ വിക്കറ്റ് വെടിഞ്ഞുവീണിട്ടും ഒറ്റയാനെപ്പോലെ വിൻഡീസിനെതിരെ പൊരുതുകയായിരുന്നു സഞ്ജു. സച്ചിനും വിരാട് കൊഹ്‌‌ലിയും രോഹിത് ശർമ്മയുമൊക്കെ പലകുറി ഇന്ത്യയുടെ രക്ഷകരായതിന് സമാനമായൊരു ഇന്നിംഗ്സ്. ആദ്യ പന്തുമുതൽ വിജയറൺ വരെ ക്രീസിലുണ്ടായിരുന്ന സഞ്ജുവിന് ഇടയ്ക്ക് എപ്പോഴെങ്കിലുമൊന്ന് പിഴച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ലോകകപ്പ് തന്നെ അവിടെ അവസാനിക്കുമായിരുന്നു.

ഇന്ത്യൻ ടീമിലുള്ള ആരെക്കാലും മികച്ച പ്രതിഭയാണ് സഞ്ജു സാംസണെന്ന് ആരാധകരും വിമർശകരും ഒരേ സ്വരത്തിൽ പറയും. പക്ഷേ ക്രീസിൽ കാലുറപ്പിക്കുംമുന്നേ സിക്സ് പറത്താൻ ശ്രമിക്കുന്നു, സ്കോർ ഉയർത്താനാകാതെ വിക്കറ്റ് കളയുന്നു എന്നൊക്കെയുള്ള വിമർശനങ്ങളിൽ നിന്ന് പുറത്തുകടക്കാനാകാതെ കുഴങ്ങിയ സഞ്ജു സാംസണായിരുന്നു ഇതുവരെ നമുക്കുമുന്നിൽ. ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കുമ്പോൾ സഞ്ജുവായിരുന്നു ഓപ്പണറും ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറും. എന്നാൽ ലോകകപ്പിന് മുമ്പ് ന്യൂസിലാൻഡിനെതിരെയുള്ള അഞ്ച് മത്സരപരമ്പരയിൽ പരാജയപ്പെട്ടതോടെ ഇഷാൻ കിഷൻ ഓപ്പണറും വിക്കറ്റ് കീപ്പറുമായി. സഞ്ജുവിന് ബെഞ്ചിലിരിക്കേണ്ടിയും വന്നു. അഭിഷേകിന് അസുഖമായപ്പോൾ ഒരു കളിയിൽ അവസരം ലഭിച്ചെങ്കിലും എട്ടുപന്തുകളിൽ 22 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.

സഞ്ജുവിനെ എവിടെകളിപ്പിക്കും എന്ന സൂര്യയുടെ സന്ദേഹത്തിന് മറുപടി ലഭിച്ചത് ദക്ഷിണാഫ്രിക്കയോട് തോറ്റശേഷമാണ്. റിങ്കു അച്ഛന്റെ അസുഖവുമായി മാറിനിന്നപ്പോൾ സഞ്ജുവിന് ഓപ്പണിംഗിൽതന്നെ സ്ഥാനമുണ്ടായി. ഇഷാൻ ഫസ്റ്റ് ഡൗണും തിലക് സെക്കൻഡ് ഡൗണും സൂര്യ തേഡ് ഡൗണുമായി. ഈ ഒരു കോമ്പിനേഷനെക്കുറിച്ച് ചിന്തിക്കാൻ ഗംഭീറിനോ സൂര്യയ്ക്കോ കഴിഞ്ഞില്ലെന്നതാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ തോൽക്കേണ്ടിവന്നതിനുള്ള ഒരു കാരണം. തനിക്കെതിരെയുള്ള വിമർശനങ്ങളെ അപ്രസക്തമാക്കുന്നതായിരുന്നു വിൻഡീസിനെതിരെ സഞ്ജുവിന്റെ ഇന്നിംഗ്സ്. ക്രീസിൽ കാലുറപ്പിച്ചുനിന്ന് വിക്കറ്റ് വിട്ടുകൊടുക്കാതെ സഞ്ജു പുറത്തെടുത്ത ഇന്നിംഗ്സിനെ ക്ളാസിക്കൽ എന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാൻ!. ഈ സഞ്ജുവിനെയാണ് തങ്ങൾ കാത്തിരുന്നതെന്ന് ഓരോ ക്രിക്കറ്റ് ആരാധകനും ആവേശത്തോടെ വിളിച്ചുപറഞ്ഞ അത്യുജ്ജലമായ ഇന്നിംഗ്സിന്റെ തനിയാവർത്തനങ്ങളാണ് ഇനിയുണ്ടാകേണ്ടത്.

കഴിഞ്ഞ ലോകകപ്പിൽ ടീമിലുണ്ടായിരുന്നിട്ടും ഒറ്റ മത്സരത്തിൽപോലും കളിക്കാൻ അവസരം ലഭിക്കാതിരുന്നവനാണ് സഞ്ജു. ഈ ലോകകപ്പിൽ ഇതുവരെ ലഭിച്ചത് മൂന്നേമൂന്ന് അവസരങ്ങൾമാത്രം. പക്ഷേ ഈ ഒരൊറ്റ ഇന്നിംഗ്സിലൂടെ ഇനിയൊരിക്കലും മാറ്റിനിറുത്താൻ കഴിയാത്തവനായി സഞ്ജു മാറിയിരിക്കുന്നു. അഭിമാനത്തോടെ നമുക്ക് പറയാം ; ഇത് സഞ്ജുവിന്റെകൂടി വിയർപ്പിൽ തുന്നിയ ലോകകപ്പ് സെമിഫൈനൽ ബർത്താണ്.

TAGS: NEWS 360, SPORTS, SANJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.