കേപ്ടൗൺ: സച്ചിനോ ലാറയോ കൊഹ്ലിയോ ഒന്നുമല്ല, തന്നെ ഏറ്റവുമധികം ത്രസിപ്പിച്ച ബാറ്റ്സ്മാൻ മലയാളി പേസ് ബൗളർ എസ്.ശ്രീശാന്താണെന്ന് ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. 2006ലെ ജോഹന്നാസ് ബർഗ് ടെസ്റ്റിൽ സ്റ്റെയ്നിന്റെ സഹതാരം ആന്ദ്രെ നെല്ലിനെതിരെ ശ്രീശാന്ത് നേടിയ സിക്സർ സിക്സറാണ് സ്റ്റെയ്നിന് മറക്കാൻ കഴിയാത്ത ഷോട്ട്. നെല്ലുമായി വാക്കുതർക്കമുണ്ടായിന് പിന്നാലെ സിക്സടിച്ച ശ്രീശാന്ത് അതിന് ശേഷം നടത്തിയ ഡാൻസും അന്നേ വൈറലാണ്.
നെല്ലിനെ പാറ്റിക്കൊഴിച്ച ശ്രീ
2006ൽ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ നടത്തിയ പര്യടനത്തിനിടെയാണ് ശ്രീശാന്തിന്റെ വിഖ്യാതമായ ആ സിക്സർ പിറന്നത്. ജോഹന്നാസ്ബർഗിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിംഗ് നിര ഒന്നാം ഇന്നിംഗ്സിൽ 249 റൺസിന് പുറത്തായി.
മറുപടി ബാറ്റിംഗിൽ ശ്രീശാന്തിനു മുന്നിൽ തകർന്നടിഞ്ഞ ദക്ഷിണാഫ്രിക്ക, വെറും 84 റൺസിന് ഓൾഔട്ടായി. രണ്ടാം ഇന്നിംഗ്സിലെ അവസാന വിക്കറ്റിൽ ശ്രീശാന്തും വി.ആർ.വി. സിംഗും ഉൾപ്പെട്ട സഖ്യം ഇന്ത്യയുടെ ലീഡ് 400 കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ബൗളർ ആന്ദ്രെ നെൽ ശ്രീശാന്തിനെ പ്രകോപിപ്പിച്ച് എന്തോ പറഞ്ഞത്. ഇന്ത്യൻ ഇന്നിംഗ്സിലെ 64–ാം ഓവറിലെ ആദ്യ പന്തിനു പിന്നാലെയായിരുന്നു നെല്ലിന്റെ ‘ഷോ’!
പക്ഷേ, വെല്ലുവിളികളോട് അതേ രീതിയിൽ പ്രതികരിക്കാറുള്ള ശ്രീശാന്ത് അടുത്ത പന്തിൽ പകരം വീട്ടി. നെല്ലിന്റെ പന്തിൽ ക്രീസ് വിട്ടിറങ്ങിയ ശ്രീശാന്തിന്റെ ഷോട്ട് ഗാലറിയിലെത്തി! നെല്ലിന്റെ പ്രകോപനത്തോട് സിക്സറടിച്ച് പ്രതികരിച്ച ശ്രീശാന്ത്, പിച്ചിനു നടുവിൽ ബാറ്റു ചുഴറ്റി നൃത്തം ചെയ്താണ് ആഘോഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |