മുംബയ് സിറ്റി എഫ്.സിയെ 3-0ത്തിന് കീഴടക്കി
മഡ്ഗാവ് : ഐ.എസ്.എൽ ഈ സീസണിലെ തങ്ങളുടെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നുമായി മിന്നിത്തിളങ്ങി കേരള ബ്ളാസ്റ്റേഴ്സ്. ഇന്നലെ നടന്ന മത്സരത്തിൽ പോയിന്റ് പട്ടികയിലെ മുൻനിരക്കാരായ മുംബയ് സിറ്റി എഫ്.സിയെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്കാണ് മഞ്ഞപ്പട കീഴടക്കിയത്.
ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലെത്തിയിരുന്ന ബ്ളാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി നേടുകയായിരുന്നു. രണ്ടാം പകുതിയിൽ മുംബയ് താരം മൗർത്താദ ഫാൾ രണ്ടാം മഞ്ഞക്കാർഡും കണ്ട് പുറത്തായത് ബ്ളാസ്റ്റേഴ്സിന് പെനാൽറ്റിയുടെ വഴിയും തുറന്നു. സഹൽ അബ്ദുൽ സമദ്,അൽവാരോ വസ്ക്വേസ്,ജോർജ് പെരേര എന്നിവരാണ് ബ്ളാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്.
27-ാം മിനിട്ടിൽ പെരേരയുടെ പാസിൽ നിന്ന് സഹലാണ് അക്കൗണ്ട് തുറന്നത്. ഇടവേള കഴിഞ്ഞെത്തിയതിന് പിന്നാലെ ജീക്ക്സണിന്റെ പാസിൽനിന്ന് വസ്ക്വേസ് വലകുലുക്കി. മൂന്ന് മിനിട്ടിന് ശേഷം ഫാളിന് ചുവപ്പുകാർഡ് കാട്ടിയ റഫറി വിധിച്ച പെനാൽറ്റിയാണ് പെരേര ഗോളാക്കി മാറ്റിയത്.
ഈ വിജയത്തോടെ ആറുകളികളിൽ നിന്ന് ഒൻപത് പോയിന്റായ ബ്ളാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ഏഴ് കളികളിൽ നിന്ന് 15 പോയിന്റുമായി മുംബയ് സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |