SignIn
Kerala Kaumudi Online
Saturday, 27 April 2024 7.30 AM IST

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് : പ്രണോയ് , ലക്ഷ്യ പ്രീ ക്വാർട്ടറിൽ

h-s-prannoy

പ്രണോയ് ലോക രണ്ടാം റാങ്ക് താരം കെന്റോ മൊമോട്ടോയെ അട്ടിമറിച്ചു

എം.ആർ അർജുൻ-ധ്രുവ് കപില സഖ്യം പ്രീ ക്വാർട്ടറിൽ,ട്രീസ ജോളി- ഗായത്രി സഖ്യം പുറത്ത്

ടോക്യോ : തന്റെ കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് സ്വന്തമാക്കി മലയാളി ബാഡ്മിന്റൺ താരം എച്ച്.എസ് പ്രണോയ് ജപ്പാനിൽ നടക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ പ്രീ ക്വാർട്ടറിലെത്തി. ലോക രണ്ടാം റാങ്ക് താരവും ജപ്പാൻകാരനുമായ കെന്റോ മൊമോട്ടോയെയാണ് ഇന്നലെ നടന്ന മത്സരത്തിൽ നേരിട്ടുള്ള ഗെയിമുകൾക്ക് പ്രണോയ് കീഴടക്കിയത്. സ്കോർ : 21-17,21-16.

ആദ്യ ഗെയിം മുതൽ ലീഡ് നിലനിറുത്തുന്നതിൽ ശ്രദ്ധിച്ച പ്രണോയ് പരിചയസമ്പന്നനായ എതിരാളിക്കുമുന്നിൽ പതറാതെ കളിച്ചതാണ് വിജയത്തിലേക്ക് നയിച്ചത്. 54 മിനിട്ടുകൊണ്ടാണ് പ്രണോയ് വിജയം നേ‌ടിയെടുത്തത്. രണ്ട് ഗെയിമുകളിലും ലീഡ് നിലനിറുത്തി നീങ്ങിയ പ്രണോയ്ക്കെതിരെ മൊമോട്ടോ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും മികച്ച റിട്ടേണുകളും പ്ളേസിംഗ് ഷോട്ടുകളുമായി മലയാളി താരം മത്സരം സ്വന്തമാക്കുകയായിരുന്നു.

കെന്റോ മൊമോട്ടോയ്ക്ക് എതിരായ എട്ട് മത്സരങ്ങളിൽ ആദ്യമായാണ് പ്രണോയ് വിജയം നേടുന്നത്.

പ്രീ ക്വാർട്ടറിൽ ഇന്ത്യൻ താരം ലക്ഷ്യ സെന്നാണ് പ്രണോയ്‌യുടെ എതിരാളി. ഇന്നലെ നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ സ്പാനിഷ് താരം ലൂയിസ് എൻറികെ പെനലാവറിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് ലക്ഷ്യ തോൽപ്പിച്ചത്. സ്കോർ 21-17,21-10. ആദ്യ ഗെയിമിൽ അൽപ്പമെങ്കിലും പിടിച്ചുനിന്ന സ്പാനിഷ് താരം രണ്ടാം ഗെയിമിൽ തീർത്തും നിഷ്പ്രഭനാവുകയായിരുന്നു. അതേസമയം മറ്റൊരു ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത് സിംഗിൾസിൽ പുറത്തായി. ചൈനയുടെ ഷാവോ ജുൻപെംഗ് 21-9,21-17 എന്ന സ്കോറിനാണ് ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്.

പുരുഷ ഡബിൾസിൽ മലയാളി താരം എം.ആർ അർജുൻ - ധ്രുവ് കപില സഖ്യം പ്രീ ക്വാർട്ടറിലെത്തിയിട്ടുണ്ട്. ഡെന്മാർക്കിന്റെ കിം അസ്ട്രുപ്പ്-ആൻഡ്രിയാസ് റാസ്മുസെൻ സഖ്യത്തെ 21-17,21-16 എന്ന സ്കോറിനാണ് അർജുൻ-ധ്രുവ് സഖ്യം കീഴടക്കിയത്.

വനിതാ ഡബിൾസിൽ കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളായ മലയാളി താരം ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യവും തോറ്റ് പുറത്തായി. കോമൺവെൽത്ത് ഗെയിംസിൽ ഇരുവരെയും തോൽപ്പിച്ചിരുന്ന മലേഷ്യയുടെ ടാൻ പേളി-ടിനാ മുരളീധരൻ സഖ്യമാണ് ഇന്നലെയും വിജയിച്ചത്. സ്കോർ :21-8,21-17.ആദ്യ ഗെയിമിൽ പെട്ടെന്ന് പിടിവിട്ടുപോയ ഇന്ത്യൻ പെൺകൊടിമാർ രണ്ടാം ഗെയിമിൽ പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല. വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ- സിക്കി റെഡ്ഡി സഖ്യവും രണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, PRANNOY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.