മുംബയ്: സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയായി സൂപ്പര്‍ താരത്തിന്റെ പിന്‍മാറ്റം. ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ പേസര്‍ മുഹമ്മദ് ഷമിയാണ് പര്യടനത്തില്‍ നിന്ന് പിന്‍മാറാനൊരുങ്ങുന്നത്. കണങ്കാലിനേറ്റ പരിക്കില്‍ നിന്ന് താരം പൂര്‍ണമായും മുക്തനാകാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്.
ഏകദിന, ട്വന്റി-20 ടീമുകളുടെ ഭാഗമല്ലാത്ത സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഡിസംബര്‍ 15ന് സൗത്താഫ്രിക്കയിലേക്ക് യാത്ര തിരിക്കും. ഈ സംഘത്തില്‍ രോഹിത് ശര്‍മ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവിചന്ദ്രന്‍ അശ്വിന്‍ നവ്ദീപ് സെയ്‌നി തുടങ്ങിയവര്‍ ഉള്‍പ്പെടും.
അതേസമയം മുഹമ്മദ് ഷമിയുടെ പകരക്കാരനെ ഇതുവരേയും ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. ഡിസംബര്‍ 26ന് ആദ്യ ടെസ്റ്റ് മത്സരം തുടങ്ങുന്നതിന് മുമ്പ് മാത്രമേ പ്രഖ്യാപനമുണ്ടാകുകയുള്ളൂ. മൂന്ന് ഫോര്‍മാറ്റിലും പര്യടനം നടത്താനായി വ്യത്യസ്ത ടീമുകളെ അയച്ചതിനാല്‍ ഇവരില്‍ ഒരാളെ പകരക്കാരനായി പ്രഖ്യാപിക്കാനാണ് സാദ്ധ്യത.
സൗത്താഫ്രിക്കയിലെ വേഗതയും ബൗണ്‍സും തുണയ്ക്കുന്ന പിച്ചുകളില്‍ ഷമി വളരെ അപകടകാരിയാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ അസാന്നിദ്ധ്യം മറികടക്കുക രോഹിത് ശര്‍മ്മ നയിക്കുന്ന ടീമിന് വെല്ലുവിളിയാണ്. ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ താരം വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും ഒന്നാമതായിരുന്നു.
ലോകകപ്പ് ഫൈനലിലെ തൊല്‍വിക്ക് ശേഷം ഇന്ത്യ ലക്ഷ്യം വയ്ക്കുന്ന കിരീടമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേത്. ആദ്യ രണ്ട് ടൂര്‍ണമെന്റിലും ഫൈനലിലെത്തിയെങ്കിലും രണ്ട് തവണയും ഇന്ത്യ തോറ്റിരുന്നു. 2021ല്‍ ന്യൂസിലന്‍ഡിനോടും 2023ല്‍ ഓസ്‌ട്രേലിയയോടുമാണ് ഇന്ത്യ കലാശപ്പോരില്‍ തോറ്റ് മടങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |