SignIn
Kerala Kaumudi Online
Wednesday, 01 October 2025 6.38 PM IST

ട്രംപിന് കനത്ത തിരിച്ചടി, യുഎസ് സർക്കാർ സ്‌തംഭിച്ചു; ചെലവിന് പണമില്ല, സമ്പദ്‌വ്യവസ്ഥ കൂപ്പുകുത്തുമെന്ന് മുന്നറിയിപ്പ്

Increase Font Size Decrease Font Size Print Page
donald-trump

വാഷിംഗ്‌ടൺ: ഏഴ് വർഷത്തിനിടെ ആദ്യമായി യുഎസ് ഫെഡറൽ സർക്കാർ ഷട്ട്ഡൗണിലേയ്ക്ക് കടന്നു. പ്രവർത്തന ഫണ്ടിംഗ് ബിൽ അംഗീകരിക്കുന്നതിൽ സെനറ്റ് പരാജയപ്പെട്ടതിനെ തുടർന്നാണ് സർക്കാർ സ്തംഭിച്ചത്. ഉഭയകക്ഷി പിന്തുണ ആവശ്യമുള്ള ബിൽ ചൊവ്വാഴ്ച 55-45 വോട്ടിന് പരാജയപ്പെട്ടിരുന്നു. അർദ്ധരാത്രി സമയപരിധിക്ക് മുമ്പ് ഒരു കരാറിലും എത്താൻ സാധിക്കാതായതോടെയാണ് ഒക്ടോബർ ഒന്ന് ബുധനാഴ്ച പുലർച്ചെ 12:01 ന് സർക്കാർ ഔദ്യോഗികമായി അടച്ചുപൂട്ടിയത്.

സർക്കാർ ഷട്ട്‌ഡൗൺ ചെയ്തതോടെ സർക്കാർ സേവനങ്ങളും താത്‌കാലികമായി നിർത്തിവയ്ക്കേണ്ട സാഹചര്യത്തിലാണ്. വിമാന സർവീസുകൾ, പ്രധാന സാമ്പത്തിക റിപ്പോർട്ടുകൾ, ഗവേഷണ ലാബുകളുടെ പ്രവർത്തനം, ചെറുകിട ബിസിനസ് തുടങ്ങിയവയെ ഷട്ട്‌ഡൗൺ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. സാഹചര്യം കണക്കിലെടുത്ത് വിവിധ സർക്കാർ ഏജൻസികൾ ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.

അതിനിടെ സർക്കാർ സ്ഥാപനങ്ങളിലെ തൊഴിൽ വെട്ടിക്കുറയ്ക്കൽ മുന്നറിയിപ്പ് നൽകികൊണ്ട് ട്രംപ് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. "നിരവധി തൊഴിലാളികളെ പിരിച്ചുവിടേണ്ടതായി വരും. എന്നാൽ അവർ എപ്പോഴും ഡെമോക്രാറ്റുകൾ തന്നെയായിരിക്കും. ഷട്ട്ഡൗണിൽ ധാരാളം നല്ല കാര്യങ്ങൾ സംഭവിക്കാനും സാദ്ധ്യതയുണ്ട്" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡെമോക്രാറ്റുകളുമായി ബന്ധപ്പെട്ട പരിപാടികൾ താത്ക്കാലികമായി നിർത്തലാക്കുമെന്നും സൂചനയുണ്ട്. ഈ വർഷമാദ്യം തന്നെ പതിനായിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് പുതിയ തൊഴിൽ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. എട്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പിരിച്ചുവിടൽ നടപടിയിൽ 150,000ത്തിലധികം സർക്കാർ ജീവനക്കാർക്കാണ് ഇതിനകം തൊഴിൽ നഷ്ടമായത്.

യുഎസിലെ റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും തമ്മിലെ കടുത്ത ഭിന്നതയാണ് സർക്കാർ സ്‌തംഭിക്കുന്നതിന് പ്രധാന കാരണമായത്. ആരോഗ്യ സംരക്ഷണ സബ്‌സിഡികൾ, മറ്റ് മുൻഗണനകൾ എന്നിവയെ കല്ലെറിഞ്ഞുകൊണ്ട് റിപ്പബ്ലിക്കൻ പാർട്ടി ഡെമോക്രാറ്റുകളെ ഭീഷണിപ്പെടുത്തുകയാണെന്ന് സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമർ ആരോപിച്ചു. പ്രസിഡന്റിന് മാത്രമേ ഇത് ചെയ്യാൻ സാധിക്കൂവെന്നും എല്ലാം കൈകാര്യം ചെയ്യുന്നത് ട്രംപ് ആണെന്നറിയാമെന്നും അദ്ദേഹം വിമർശിച്ചു.

ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ആരോഗ്യ സംരക്ഷണത്തെയാണ് റിപ്പബ്ളിക്കൻ പാർട്ടി എതിർക്കുന്നതെന്ന് ഡെമോക്രാറ്റുകൾ വാദിക്കുന്നു. ആരോഗ്യ മേഖലയിൽ സബ്‌സിഡികൾ വർദ്ധിപ്പിക്കണമെന്നും ഈ വർഷമാദ്യം ട്രംപിന്റെ നികുതി പരിഷ്കാരങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ മെഡിക്കെയ്ഡിലെ വെട്ടിക്കുറവുകൾ പിൻവലിക്കണമെന്നുമാണ് ഡെമോക്രാറ്റിക് പാർട്ടി ആവശ്യപ്പെടുന്നത്. എന്നാൽ, പക്ഷപാതപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഡെമോക്രാറ്റുകൾ ബഡ്‌ജറ്റ് ചൂഷണം ചെയ്യുന്നുവെന്നാണ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി പറയുന്നത്.

എന്താണ് ഷട്ട്‌ഡൗൺ?

സർക്കാർ ചെലവുകൾക്ക് ആവശ്യമായ ബില്ലുകളോ താത്ക്കാലിക നടപടികളോ പാസാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെടുമ്പോഴാണ് സർക്കാർ ഷട്ട്ഡൗണിലേയ്ക്ക് കടക്കുന്നത്. ഇത് സർക്കാർ ഏജൻസികൾക്ക് പണം ചെലവഴിക്കാനുള്ള നിയമപരമായ അധികാരം നഷ്ടപ്പെടാൻ ഇടയാക്കും. അത്യാവശ്യമല്ലാത്ത ജീവനക്കാരെ ശമ്പളമില്ലാതെ പിരിച്ചുവിടേണ്ട സാഹചര്യമുണ്ടാവും. എയർ ട്രാഫിക് കൺട്രോളർമാർ, അതിർത്തി ഏജന്റുമാർ, സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയ അവശ്യ ജീവനക്കാർ കരാർ ഉണ്ടാക്കുന്നതുവരെ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടതായി വരും.

നിലവിലെ അടച്ചുപൂട്ടൽ വിദ്യാഭ്യാസ വകുപ്പിലെ ഏകദേശം 90 ശതമാനം ജീവനക്കാരെയും പിരിച്ചുവിടുന്നതിന് കാരണമാകുമെന്നാണ് റിപ്പോർട്ട്. പരിസ്ഥിതി സംരക്ഷണ ഏജൻസി ചില മലിനീകരണ ശുചീകരണ പദ്ധതികൾ നിർത്തിവയ്ക്കേണ്ടതായി വരും. ചെറുകിട ബിസിനസുകൾക്ക് വായ്പാ നൽകുന്നത് താൽക്കാലികമായി നിർത്തിവയ്ക്കും. തൊഴിൽ വകുപ്പിന്റെ പ്രതിമാസ തൊഴിലില്ലായ്മ റിപ്പോർട്ടും പ്രസിദ്ധീകരിക്കില്ല. എന്നാൽ, അവശ്യ സേവനങ്ങൾ പ്രവർത്തനക്ഷമമായി തുടരും. സാമൂഹിക സുരക്ഷാ പേയ്‌മെന്റുകൾ, മെഡികെയർ, മെഡികെയ്ഡ് സേവനങ്ങൾ, ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ്, പോസ്റ്റൽ സേവനങ്ങൾ എന്നിവ തുടരും.

ഷട്ട്‌ഡൗൺ പ്രാബല്യത്തിൽ വന്നതോടെ ദേശീയ ഉദ്യാനങ്ങൾ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും. സ്തംഭനാവസ്ഥ തുടരുകയാണെങ്കിൽ സന്ദർശക കേന്ദ്രങ്ങൾ, ഗൈഡഡ് ടൂറുകൾ, സ്മിത്‌സോണിയൻ മ്യൂസിയങ്ങൾ എന്നിവ അടച്ചിടാൻ സാദ്ധ്യതയുണ്ട്. വരും ആഴ്ചകളിൽ ഫെഡറൽ കോടതികളുടെ പ്രവർത്തനങ്ങളും നിയന്ത്രിക്കപ്പെട്ടേക്കാം. ഇത് വിചാരണ വൈകിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അടച്ചുപൂട്ടൽ യുഎസ് സമ്പദ്‌വ്യവസ്ഥയെ ദുർബലപ്പെടുത്തിയേക്കാമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഓരോ ആഴ്ചയും ജിഡിപി വളർച്ച 0.2 ശതമാനം പോയിന്റ് കുറയുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

മുൻകാല അടച്ചുപൂട്ടലുകൾ സൂചിപ്പിക്കുന്നത് അടച്ചുപൂട്ടലിനുശേഷം പൂർവസ്ഥിതിയിലെത്താൻ സമയമെടുക്കുമെന്നാണ്. യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ 2018-2019 ലെ അടച്ചുപൂട്ടലിൽ വിമാനയാത്രാ സർവീസുകൾ താറുമാറായി. ശമ്പളം ലഭിക്കാത്ത എയർ ട്രാഫിക് കൺട്രോളർമാർ ബദൽ ജോലി തേടാൻ നിർബന്ധിതരായി. ഇത് സുരക്ഷാ ആശങ്കകൾ ഉയർത്തി. അടിസ്ഥാന സേവനങ്ങൾ നിർത്തിവച്ചതിനാൽ ദേശീയ പാർക്കുകളുടെ പ്രവർത്തനവും താറുമാറായി. മാലിന്യം കുന്നുകൂടി. 35 ദിവസമായിരുന്നു അന്ന് യുഎസ് സർക്കാർ സ്തംഭിച്ചത്.

TAGS: DONALD TRUMP, US, SHUTDOWN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.