തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്ര സർക്കാർ 260.56 കോടി രൂപ അനുവദിച്ചു . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് ദേശീയ ദുരന്ത ലഘൂകരണ നിധിയിൽ നിന്ന് സഹായം അനുവദിച്ചത്. 2221 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. വയനാടിലെ പുനർനിർമ്മാണത്തിന് കേന്ദ്രം ആദ്യമായി അനുവദിക്കുന്ന പ്രത്യേക സഹായമാണിത്. ഒമ്പത് സംസ്ഥാനങ്ങൾക്കായി ആകെ 4645.60 കോടിയാണ് അനുവദിച്ചത്. 2022ൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ അസമിന് 1270.788 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. .
ഇതിനൊപ്പം രാജ്യത്തെ നഗരങ്ങളിലെ വെളളപ്പൊക്കം നിയന്ത്രിക്കുന്നതിന് 2444.42 കോടിയും നീക്കിവച്ചിട്ടുണ്ട്. ഇതിൽ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരവും ഉൾപ്പെടുന്നു. അർബൻ ഫ്ലഡ് റിസ്ക് മാനേജ്‌മെന്റ് പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണ് തിരുവനന്തപുരവും ഉൾപ്പെട്ടിരിക്കുന്നത്.
നേരത്തെ സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വായ്പയായി 529.50 കോടി രൂപ അനുവദിച്ചിരുന്നു. ജൂലായിൽ സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് 153 കോടിയും അനുവദിച്ചു. വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് എം.പിമാർ അമിത് ഷായെ കണ്ടും ആവശ്യം ഉന്നയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |