
കൊൽക്കത്ത: ട്വന്റി 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസൺ ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിലെ സഞ്ജുവിന്റെ വിജയാഹ്ലാദ പ്രകടനമാണ് അച്ചടക്ക നടപടി സാദ്ധ്യതകൾക്ക് വഴിതുറന്നത്.
വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ 50 പന്തിൽ 97* റൺസ് നേടി ഇന്ത്യയെ സെമി ഫൈനലിൽ എത്തിച്ചതിന് പിന്നാലെ സഞ്ജു ആവേശം നിയന്ത്രിക്കാനാവാതെ തന്റെ ഹെൽമറ്റും ബാറ്റും നിലത്തെറിഞ്ഞിരുന്നു. തുടർന്ന് മുട്ടുകുത്തി നിന്ന് ആകാശത്തേക്ക് കൈകൾ ഉയർത്തി പ്രാർത്ഥിക്കുകയും ചെയ്തു. ഇതിൽ ഹെൽമറ്റ് എറിഞ്ഞതാണ് ഐസിസി നിയമപ്രകാരം നടപടിക്ക് കാരണമായേക്കാവുന്നത്.
ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം 'ക്രിക്കറ്റ് ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നത്' കുറ്റകരമാണ്. ദേഷ്യം കൊണ്ടോ അമിതാവേശം കൊണ്ടോ ഹെൽമറ്റ്, ബാറ്റ്, സ്റ്റംപ് എന്നിവ എറിയുന്നതും ഇതിൽ ഉൾപ്പെടും. സഞ്ജുവിന്റെ പ്രവർത്തി ഒരു ലെവൽ 1 കുറ്റമായി കണക്കാക്കാനാണ് സാദ്ധ്യത. ഇതിന് മാച്ച് ഫീയുടെ 50 ശതമാനം വരെ പിഴയും ഒന്നോ രണ്ടോ ഡിമെറിറ്റ് പോയിന്റുകളുമാണ് സാധാരണ ലഭിക്കാറുള്ളത്.
എന്നാൽ ഒരു ലെവൽ 1 കുറ്റത്തിന് മാത്രമായി സാധാരണ ഒരു മത്സരത്തിൽ നിന്ന് വിലക്ക് ഏർപ്പെടുത്താറില്ല. എന്നാൽ സഞ്ജുവിന് ഇതിനകം ഡിമെറിറ്റ് പോയിന്റുകൾ ഉണ്ടെങ്കിൽ (ആകെ 4 പോയിന്റ് തികഞ്ഞാൽ) വിലക്ക് വരാനുള്ള സാദ്ധ്യത ഏറെയാണ്. നിലവിൽ അത്തരം പോയിന്റുകൾ അദ്ദേഹത്തിനില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ സഞ്ജുവിന് നഷ്ടമാകാൻ സാദ്ധ്യത കുറവാണ്.
അതേസമയം, സഞ്ജുവിന്റെ പ്രാർത്ഥനാ രീതിയിലുള്ള ആഹ്ലാദ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഐസിസി ചട്ടപ്രകാരം മതപരമായ കാര്യങ്ങൾ പ്രകോപനപരമായ രീതിയിൽ ഉപയോഗിച്ചാൽ മാത്രമേ നടപടി ഉണ്ടാവുകയുള്ളൂ. സഞ്ജുവിന്റെ കാര്യത്തിൽ അത് സ്വാഭാവികമായ നന്ദി പ്രകടനമായതിനാൽ നടപടിക്ക് സാദ്ധ്യതയില്ല. ഹെൽമറ്റ് ഊരി എറിഞ്ഞതിന് ഐസിസി ചട്ട പ്രകാരം താക്കീതോ പിഴയോ നൽകാൻ സാദ്ധ്യതയുണ്ടെങ്കിലും സെമി ഫൈനലിൽ നിന്ന് സഞ്ജു പുറത്താകാൻ നിലവിൽ സാഹചര്യമില്ലെന്നാണ് കരുതുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |