
പൂനെ: അസുഖത്തെ തുടർന്ന് ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സയിദ് മുഷ്‌താഖ് അലി ട്രോഫി മത്സരത്തിൽ പങ്കെടുത്ത ജയ്‌സ്വാളിനെ മത്സരശേഷമാണ് പൂനെയിലെ ആദിത്യ ബിർള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ പൂനെയിൽ നടന്ന രാജസ്ഥാനും മുംബയും തമ്മിലെ സയിദ് മുഷ്‌താഖ് അലി ട്രോഫി മത്സരത്തിൽ മുംബയ്‌ക്കായി ഓപ്പൺ ചെയ്‌ത ജയ്‌സ്വാളിന് വയറുവേദന ഉണ്ടാകുകയായിരുന്നു. 15 പന്തിൽ 16 റൺസ് നേടി ജയ്‌സ്വാൾ പുറത്തായി. മത്സരശേഷം ആശുപത്രിയിലെത്തിച്ച് അൾട്രാസൗണ്ട്, സിടി സ്‌കാൻ എന്നിവ ചെയ്‌തു. താരത്തിന് കുടൽവീക്കമുണ്ടെന്ന് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച താരത്തിന് ഡോക്‌ടർമാർ മരുന്നും വിശ്രമവും നിർദ്ദേശിച്ചു. ജയ്‌സ്വാളിന് തിളങ്ങാനായില്ലെങ്കിലും മത്സരത്തിൽ മുംബയ് രാജസ്ഥാനെ പരാജയപ്പെടുത്തി. രാജസ്ഥാൻ ഉയർത്തിയ 217 റൺസ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ മുംബയ് മറികടന്നു. മുതിർന്ന താരമായ അജിങ്ക്യ രഹാനെ ( 41 പന്തിൽ പുറത്താകാതെ 72), വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത സർഫറാസ് ഖാൻ (22 പന്തിൽ 73) എന്നിവരുടെ ഇന്നിംഗ്‌സാണ് മുംബയ്‌ക്ക് തുണയായത്. ഏഴ് സിക്‌സും ആറ് ഫോറുമടിച്ച് തകർത്ത് ബാറ്റ് ചെയ്‌ത സർഫറാസാണ് പ്ളെയർ ഓഫ് ദ് മാച്ച്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |