
വാഷിംഗ്‌ടൺ: പൊതുസുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്കേർപ്പെടുത്തി അമേരിക്ക. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്കും പാലസ്തീൻ അനുവദിക്കുന്ന പാസ്‌പോർട്ട് കൈവശമുള്ളവർക്കുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ പൗരന്മാർക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വിദേശികളെ രാജ്യത്ത് പ്രവേശിപ്പിക്കരുതെന്ന നിലപാടാണ് പ്രസിഡന്റ് ഡൈണാൾഡ് ട്രംപിനെന്ന് വൈറ്റ് ഹൗസിൽ നിന്നുള്ള അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയുടെ സംസ്കാരം, സർക്കാർ സ്ഥാപനങ്ങൾ, സ്ഥാപക തത്വങ്ങൾ തുടങ്ങിയവയെ വിദേശികളായവർ ദുർബലപ്പെടുത്തുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുന്നത് തടയാൻ ട്രംപ് ആഗ്രഹിക്കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. സിറിയയിൽ അമേരിക്കൻ സൈനികരും സാധാരണക്കാരനും കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ട്രംപിന്റെ നീക്കം.
ബുർക്കിന ഫാസോ, മാലി, നൈജർ, ദക്ഷിണ സുഡാൻ, സിയറ ലിയോൺ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കാണ് ഇപ്പോൾ യാത്രാവിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ പാലസ്തീൻ അതോറിറ്റി നൽകിയ യാത്രാ രേഖകളുള്ള വ്യക്തികൾക്കും തെക്കുകിഴക്കൻ ഏഷ്യയിലെ ലാവോസിൽ നിന്നുള്ളവർക്കും അമേരിക്കയിൽ പ്രവേശിക്കാനാകില്ല. അഫ്ഗാനിസ്ഥാൻ, മ്യാന്മർ, ചാഡ്, റിപ്പബ്ലിക് ഒഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ ഉൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കഴിഞ്ഞ ജൂണിൽ അമേരിക്കൻ ഭരണകൂടം പൂർണ യാത്രാ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ വീണ്ടും കൂടുതൽ രാജ്യങ്ങൾക്ക് യാത്രാ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്കമെനിസ്ഥാൻ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങൾക്ക് നേരത്തെ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അംഗോള, ആന്റിഗ്വ, ബാർബുഡ, ബെനിൻ, കോട്ട് ഡി ഐവയർ, ഡൊമിനിക്ക, ഗാബോൺ, ഗാംബിയ, മലാവി, മൗറിറ്റാനിയ, നൈജീരിയ, സെനഗൽ, ടാൻസാനിയ, ടോംഗ, സാംബിയ, സിംബാബ്‌വെ അടക്കം 15 രാജ്യങ്ങൾക്ക് ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |