ന്യൂഡൽഹി: ഇന്ത്യ ലോകത്തിന്റെ പുതിയ നിർമാതാവാണെന്നും ഇസ്രയേൽ പ്രദേശങ്ങൾ പുനർനിർമിക്കാൻ ഇന്ത്യയുടെ സഹായം വേണമെന്നും ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റുവൻ അസർ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഇന്ത്യയെ നിർമിക്കുന്നതുപോലെ ഞങ്ങളുടെ പ്രദേശങ്ങളും നിങ്ങൾ നിർമിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇന്ത്യക്കത് ചെയ്യാൻ കഴിയുമെന്നും റുവൻ അസർ കൂട്ടിച്ചേർത്തു.
ഗാസ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവിഷ്കരിച്ച സമാധാന പദ്ധതിക്ക് ഇന്ത്യ അംഗീകാരം നൽകിയിരുന്നു. 'സമാധാനം, വികസനം, ഭീകരതയ്ക്കും തീവ്രവാദത്തിനും എതിരായ പോരാട്ടം എന്നിവയുടെ പൊതുവായ മൂല്യങ്ങളെ ഇന്ത്യയുടെ നിലപാട് പ്രതിഫലിപ്പിക്കുന്നുവെന്ന് അസർ പറഞ്ഞു. അടിസ്ഥാന സൗകര്യ മേഖലയിലെ ഇന്ത്യയുടെ വൈദഗ്ദ്ധ്യം ഇസ്രയേലിന്റെ പുനർനിർമ്മാണത്തിൽ ഒരു പ്രധാന പങ്കാളിയാകുന്നതിന് ഉതകുന്നതാണ്. പദ്ധതിക്ക് പിന്തുണ നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്.
പലസ്തീനുമായുള്ള സൗഹൃദത്തിലും സാമ്പത്തിക പദ്ധതികളിലെ സഹായത്തിലും ഇന്ത്യയ്ക്ക് ധാരാളം കാര്യങ്ങൾ വാഗ്ദാനം ചെയ്യാനുണ്ട്. അത് നിർമ്മാണമാകാം, മറ്റ് ഘടകങ്ങളാകാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഗത്തിലുള്ള പ്രതികരണം സുരക്ഷ മാത്രമല്ല, സമൃദ്ധിയും കൈവരിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണ്. പദ്ധതി നടപ്പിലായാൽ അമേരിക്കക്കാരുമായും, മറ്റ് അന്താരാഷ്ട്ര കളിക്കാരുമായും, അന്താരാഷ്ട്ര സംഘടനകളുമായും നേരിട്ട് ഇടപഴകാൻ ഇന്ത്യയ്ക്ക് കഴിയും'- ഇസ്രയേലി അംബാസഡർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |