ന്യൂയോർക്ക്: സ്പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് പരീക്ഷണ വിക്ഷേപണത്തിനിടെ ബഹിരാകാശത്ത് വച്ച് പൊട്ടിത്തെറിച്ചത് വ്യോമഗതാഗതം തടസപ്പെടുത്തി. ടെക്‌സസിലെ ബോക ചികയിലെ സ്റ്റാർ ബേസിൽ ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 4.08നായിരുന്നു പരീക്ഷണം. സൂപ്പർ ഹെവി ബൂസ്റ്റർ, സ്റ്റാർഷിപ്പ് പേടകം (അപ്പർ സ്റ്റേജ്) എന്നീ ഭാഗങ്ങൾ ചേർന്നതാണ് സ്റ്റാർഷിപ്പ് റോക്കറ്റ്. വിക്ഷേപണത്തിന് പിന്നാലെ സൂപ്പർ ഹെവി ബൂസ്റ്റർ ഭാഗം, ലോഞ്ച് പാഡിൽ തിരികെ ലാൻഡ് ചെയ്തു. എന്നാൽ, എട്ട് മിനിട്ടുകൾക്ക് ശേഷം സ്റ്റാർഷിപ്പ് പേടകം പൊട്ടിത്തെറിച്ചു. ഇന്ത്യൻ മഹാസമുദ്റത്തിൽ നിയന്ത്റിത ലാൻഡിംഗ് നടത്തേണ്ടതായിരുന്നു.
അവശിഷ്ടങ്ങൾ പതിക്കാതിരിക്കാൻ ഗൾഫ് ഒഫ് മെക്‌സിക്കോയ്ക്ക് മുകളിലൂടെയുള്ള വിമാന സർവീസുകൾ വഴിതിരിച്ചുവിടുകയോ ഗതിമാറ്റുകയോ ചെയ്തു. ഇതോടെ മയാമി അടക്കം സമീപ വിമാനത്താവളങ്ങളിലെ സർവീസുകൾ വൈകി. വ്യോമഗതാഗതം വൈകാതെ സാധാരണ നിലയിലായെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
ബഹിരാകാശ വിക്ഷേപണങ്ങൾക്ക് മുന്നോടിയായി വ്യോമപാത അടയ്ക്കാറുണ്ട്. എന്നാൽ നിരോധിത മേഖലയ്ക്ക് പുറത്തുവച്ച് പേടകത്തിന് തകരാർ സംഭവിച്ചാൽ അവശിഷ്ടങ്ങൾ പതിക്കാനിടയുള്ള മേഖലയിലും വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തും.
ഉപഗ്രഹങ്ങളുടെ മാതൃകകളും പേടകത്തിലുണ്ടായിരുന്നു. ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സാദ്ധ്യമെങ്കിൽ അതിനപ്പുറത്തേക്കും മനുഷ്യരെ എത്തിക്കുകയാണ് സ്റ്റാർഷിപ്പിന്റെ ലക്ഷ്യം.
'വിനോദം ഉറപ്പ്"
'വിജയം ഉറപ്പില്ല, പക്ഷേ, വിനോദം ഉറപ്പാണ്" എന്ന് സ്റ്റാർഷിപ്പ് അവശിഷ്ടങ്ങൾ ആകാശത്ത് ചിതറുന്നതിന്റെ വീഡിയോ പങ്കുവച്ച് സ്‌പേസ് എക്സ് മേധാവി ഇലോൺ മസ്‌ക് എക്‌സിൽ കുറിച്ചു. പരീക്ഷണം തുടരുമെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |