ബീജിംഗ് : ആകാശത്ത് ഒഴുകി നടക്കുന്ന ഒരു കൂറ്റൻ നഗരം...2015ൽ ചൈനക്കാർ കണ്ടെന്ന് അവകാശപ്പെടുന്നതാണിത്. മേഘങ്ങൾക്കിടയിലൂടെ ഒരു നഗരം ഒഴുകുന്നതായി പലരും കണ്ടു. മിനിട്ടുകൾക്കുള്ളിൽ ഇതിന്റെ ഫോട്ടോകളും വീഡിയോകളും സാമൂഹ്യമാദ്ധ്യമങ്ങളിൽ നിറഞ്ഞു.
ചൈനയിലെ ഗ്വാംഗ്‌ദോംഗ് പ്രവശ്യയിലാണ് ആദ്യമായി ഈ ദൃശ്യം കണ്ടത്. പിന്നീട് ജിയാംഗ്ഷി പ്രവശ്യയിലും ആകാശ നഗരം പ്രത്യക്ഷമായി. മിനിട്ടുകൾ മാത്രമാണ് ഈ ആകാശ നഗരത്തെ കാണാൻ സാധിച്ചത്. അന്യഗ്രഹ ജീവികളുണ്ടെന്ന് വാദിക്കുന്നവരും ഈ വാർത്ത ആഘോഷമാക്കി.
നിരവധി കെട്ടുകഥകളും ചൈനയിലെ ഈ ' അത്ഭുത നഗരത്തെ ' ആസ്‌പദമാക്കി പുറത്തുവന്നു.
നാസയുടെ ഒരു പരീക്ഷണമാണത്രെ ചൈനയുടെ ആകാശത്ത് ദൃശ്യമായത്. 'ബ്ലൂ ബീം ' എന്നാണ് ഈ പദ്ധതിയുടെ പേരെന്നും 3ഡി സാങ്കേതിക വിദ്യയിലൂടെയാണ് നാസ ആകാശത്ത് ഈ ദൃശ്യം സൃഷ്‌ടിച്ചതെന്നും ചിലർ പറഞ്ഞു. ക്രിസ്തുവിന്റെ രണ്ടാം വരവിനെ ആവിഷ്കരിക്കുകയാണത്രെ ബ്ലൂ ബീം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ആകാശത്തെ ലോകമാണെന്ന് വാദിച്ചവരുമുണ്ട്.
മരീചിക അഥവാ മിറാഷ് എന്ന പ്രതിഭാസമാണ് യഥാർത്ഥത്തിൽ അന്ന് ചൈനയിൽ ദൃശ്യമായത്. ഫാറ്റാ മോർഗാന എന്ന തരം മരീചികയായിരുന്നു അത്. ഭൗമാന്തരീക്ഷത്തിലെ വ്യത്യസ്ഥ താപനിലയിലുള്ള വായുവിലൂടെ പ്രകാശം കടന്നുപോകുമ്പോൾ പ്രകാശത്തിന്റെ സഞ്ചാരപാതയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഇത്തരം മരീചികകൾക്ക് കാരണമാകുന്നത്.
ദൂരെയുള്ള ഒരു വസ്‌തുവിന്റെ അതേ ആകൃതിയിലുള്ള പ്രതിബിംബം ആകാശത്ത് ദൃശ്യമാകുന്നതാണ് ഫാറ്റാ മോർഗാന പ്രതിഭാസം. ചിലപ്പോൾ വസ്‌തുവിന്റെ ആകൃതിയിൽ നിന്നും വ്യത്യസ്ഥമായ രൂപത്തിലും ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാം. ചൈനയിലെ ആകാശത്ത് കണ്ടതും അതേ പ്രതിഭാസം തന്നെയെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കടലിലാണ് മിക്കപ്പോഴും ഈ പ്രതിഭാസം പ്രകടമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |