
ഹാനോയ്: ഫിലിപ്പീൻസിൽ 114 പേരുടെ ജീവൻ കവർന്നതിന് പിന്നാലെ വിയറ്റ്നാമിൽ തീരംതൊട്ട് കൽമേഗി ചുഴലിക്കാറ്റ്. ഇന്നലെ രാത്രി ഡക് ലക്, ജിയാ ലായ് പ്രവിശ്യകൾക്ക് മദ്ധ്യേ മണിക്കൂറിൽ 149 കിലോമീറ്റർ വേഗതയിലാണ് കൽമേഗിയെത്തിയത്.
മൂന്നര ലക്ഷത്തിലേറെ പേരെ നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 2,60,000 സൈനികരെ സജ്ജമാക്കി. ആറ് എയർപോർട്ടുകൾ അടച്ചു. ശക്തമായ മഴ തുടരുന്നതിനാൽ ഹോചിമിൻ സിറ്റിയിലടക്കം വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്ന് ആശങ്കയുണ്ട്. കടലാക്രമണം രൂക്ഷമായതോടെ തീരപ്രദേശങ്ങളിൽ നിന്ന് ഒഴിയാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. 26 അടി ഉയരത്തിൽ വരെ തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
വിയറ്റ്നാമിലെത്തിയ കൽമേഗി വടക്കൻ കംബോഡിയ ലക്ഷ്യമാക്കി നീങ്ങുന്നതോടെ ശക്തി ക്ഷയിക്കും. തെക്കൻ ലാവോസ് കടന്ന് കിഴക്കൻ തായ്‌ലൻഡിൽ എത്തുന്നതോടെ കൽമേഗി ഇല്ലാതാകും.
# കലിതുള്ളി കൽമേഗി
ചൊവ്വാഴ്ച ഫിലിപ്പീൻസിലെത്തി. ഇക്കൊല്ലം രാജ്യത്ത് വീശിയടിച്ച 20 -ാമത്തെ ഉഷ്ണ മേഖലാ ചുഴലിക്കാറ്റ്
ശക്തമായ മഴയും വെള്ളപ്പൊക്കവും ജനജീവിതം സ്തംഭിച്ചു. 114 മരണം. 127 പേരെ കാണാതായി
മദ്ധ്യ ഫിലിപ്പീൻസിലെ സെബു പ്രവിശ്യയിൽ കൂടുതൽ നാശനഷ്ടം
ഇന്നലെ പുലർച്ചെ ഫിലിപ്പീൻസ് തീരംവിട്ടു
ദക്ഷിണ ചൈനാക്കടലിന് മുകളിൽവച്ച് മണിക്കൂറിൽ 205 കിലോമീറ്റർ വേഗതയോടെ ശക്തിയാർജ്ജിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |